പ്രഗതിയുടെ കൃഷിയിട പ്രദർശനവും വിളവെടുപ്പും നടത്തി

തൃശൂർ: കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് പാവൽ ഇനമായ പ്രഗതിയുടെ കൃഷിയിട പ്രദർശനവും വിളവെടുപ്പും നടത്തി. അയ്യന്തോൾ കൃഷി ഭവന് കീഴിൽ വരുന്ന കാര്യാട്ടുകരയിലെ കർഷകനായ അരവിന്ദാക്ഷൻ മേനോന്റെ കൃഷിയിടത്തിൽ സംഘടിപ്പിച്ച വിളവെടുപ്പ് പരിപാടി മുൻ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
വി. കെ. മോഹനൻ കാർഷിക സംസ്‌കൃതി ജില്ലാ കൺവീനർ കെ.കെ. രാജേന്ദ്ര ബാബു, കാർഷിക സർവ്വകലാശാല അഗ്രികൾച്ചർ എക്സ്റ്റൻഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുലജ ഒ. ആർ., അയ്യന്തോൾ കൃഷി ഓഫീസർ സരിൻ എസ്., അസിസ്റ്റന്റ് കൃഷി ഓഫീസർ കിഷോർ ഇ. കെ., കൃഷി അസിസ്റ്റന്റുമാരായ അഞ്ജന കെ. കെ., രജിത കെ. ആർ., സന്ദീപ് ടി. എം., സ്മിജു കെ. കെ. എന്നിവരും കർഷകരോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.
അയ്യന്തോൾ കൃഷി ഭവന്റെയും കാർഷിക സർവ്വകലാശാലയുടെയും സംയോജിത മേൽനോട്ടത്തിലായിരുന്നു 5 സെന്റിൽ വരുന്ന പ്രദർശന കൃഷി ഒരുക്കിയത്. 20 മുതൽ 25 സെ.മീ വരെ നീളവും, 200ഗ്രാം വരെ തൂക്കവും വരുന്ന രണ്ടര മാസം കൊണ്ട് വിളവെടുക്കാവുന്ന പാവൽ ഇനമാണ് പ്രഗതി.