ഭവന രഹിതരില്ലാത്ത നഗരസഭയായി ഗുരുവായൂർ

ഗുരുവായൂർ നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ ഭൂരഹിത, ഭവന രഹിതർക്കായി നിർമ്മിച്ച ഫ്‌ളാറ്റുകളുടെ താക്കോൽ കൈമാറിയതോടെ പട്ടികജാതി വിഭാഗത്തിലെ അതിദരിദ്രരിൽ ഭവന രഹിതരില്ലാത്ത നഗരസഭയായി ഗുരുവായൂർ നഗരസഭ മാറി. കാവീട് ഇഎംഎസ് ഭവന സമുച്ചയത്തിൽ നിർമ്മിച്ച മൂന്ന് ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. പട്ടികജാതി-പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എൻ.കെ അക്ബർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.

അടിസ്ഥാന ജനവിഭാഗത്തിന് കുടില് കെട്ടാനോ മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടാനോ സമ്മതിക്കാതെ ഇരുന്ന ജന്മിത്വത്തിന്റെ നാടായിരുന്നു കേരളം. അവിടെയാണ് രണ്ടാം ഭൂപരിഷ്കരണം പോലെ സർക്കാർ ആഴത്തിലിറങ്ങി ഓരോ പഞ്ചായത്തിലേയും അതിദരിദ്രരെ കണ്ടുപിടിക്കാൻ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും നിർദ്ദേശം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് ഫ്ലാറ്റുകൾ പണിതിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിൽ രണ്ടു നിലകളിലായി ആറു കുടുംബങ്ങളാണ് താമസിക്കുന്നത്. മൂന്നാമത്തെ നിലയിലായി മൂന്ന് കുടുംബങ്ങൾക്ക് കൂടി താമസിക്കാവുന്ന രീതിയിലാണ് ഫ്ലാറ്റുകൾ പണിതിരിക്കുന്നത്. ഫ്ലാറ്റ് സമുച്ചയത്തിൽ മൂന്ന് ഫ്ലാറ്റ്, സ്റ്റെയർ റൂം, വരാന്ത എന്നിവയാണുള്ളത്. ഒരു ഫ്ലാറ്റിൽ ഒരു ഹാൾ, ഒരു ബെഡ്റൂം, അടുക്കള, ബാത്ത്റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ മുൻസിപ്പൽ എഞ്ചിനീയർ നിഷി പി. ദേവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ്,
ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, എ.എസ് മനോജ്, ബിന്ദു അജിത്ത്കുമാർ, എ സായിനാഥൻ, വാർഡ് കൗൺസിലർമാരായ എ സുബ്രഹ്‌മണ്യൻ, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി ശിവദാസൻ, ക്‌ളീൻ സിറ്റി മാനേജർ കെ.സി അശോക് തുടങ്ങിയവർ സംസാരിച്ചു.
ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അസോസിയേഷൻ പ്രതിനിധികൾ, ഉന്നതി നിവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

error: Content is protected !!