ഓണ്‍ലൈന്‍ രംഗത്ത് തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മ്മാണം നടത്തണം: കെ പി രാജേന്ദ്രന്‍

swiggy-zomato-delivery

തൃശൂര്‍: ഓണ്‍ലൈന്‍ രംഗത്തെ തൊഴിലാളികളുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍തലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ഗിഗ്ഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ എ ഐ ടി യു സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തൊഴിലെടുക്കുന്നത്. യൂബര്‍, ഓല, സ്വിഗ്ഗി, സൊമാറ്റോ, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കടുത്ത വിവേചനവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നു. തീരെ അപര്യാപ്തമായ സേവന-വേതന വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ മേഖലകളിലെല്ലാം തൊഴിലാളികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സമഗ്രമായ നിയമ നിര്‍മ്മാണം കൊണ്ടല്ലാതെ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച കേരള സവാരി ആപ്പ് പ്രാബല്യത്തില്‍ വരുത്തുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥരാണ് ഈ അലംഭാവത്തിന് കാരണമാകുന്നത്. തൊഴിലാൡകളുടെ ക്ഷേമവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ഉതകുന്ന തരത്തില്‍ തൊഴിലാളി സംഘടനകള്‍ക്കുകൂടി പ്രാതിനിധ്യമുള്ള സര്‍ക്കാര്‍തല മോണിറ്ററിംഗ് സമിതി ഓണ്‍ലൈന്‍ മേഖലയ്ക്കുവേണ്ടി രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റേറ്റ് ഗിഗ്ഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് മനു ജേയ്ക്കബ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ അംഗത്വകാര്‍ഡുകളുടെ വിതരണം നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് ഗിഗ്ഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്ര്ട്ടറി ടി സി സഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. എ ഐ ടി യു സി ജില്ലാ സെക്രട്ടറി ടി കെ സുധീഷ്, സി പി ഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷ്, കേരള സ്റ്റേറ്റ് ഗിഗ്ഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന നേതാക്കളായ വി എസ് സുനില്‍കുമാര്‍, എ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് ഗിഗ്ഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ എന്‍ രഘു പ്രവര്‍ത്തനറിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി സിജോ പൊറത്തൂര്‍ ഭാവി പ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. അഫ്‌സല്‍ അബൂബക്കര്‍ അനുശോചനപ്രമേയവും ഷമീര്‍ വകയില്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ദിബീഷ് ബാലന്‍ സ്വാഗതവും ആന്റോ മുരിയാടന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് മനു ജേയ്ക്കബ് പതാക ഉയര്‍ത്തി.

കേരള സ്റ്റേറ്റ് ഗിഗ്ഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ ഭാരവാഹികളായി കെ എന്‍ രഘു(പ്രസിഡന്റ്), മനു ജേയ്ക്കബ് (സെക്രട്ടറി), ഷെമീര്‍ വകയില്‍(ട്രഷറര്‍), ഉനൈസ്, ഗോപിനാഥ് (വൈസ് പ്രസിഡന്റുമാര്‍), ദിബീഷ് ബാലന്‍, ആന്റോ മുരിയാടന്‍(ജോ.സെക്രട്ടറിമാര്‍) എന്നിവരെയും 25 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

error: Content is protected !!