തെരുവുനായ വിഷയത്തില്‍ ഇനിയും തീരുമാനമെടുക്കാതിരിക്കാനാവില്ലെന്നു ഹൈക്കോടതി

തെരുവുനായ വിഷയത്തില്‍ ഇനിയും തീരുമാനമെടുക്കാതിരിക്കാനാവില്ലെന്നു ഹൈക്കോടതി. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേർക്കാണ് നായകളുടെ കടിയേല്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഒരുകൂട്ടം ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ പ്രശ്നം പരിഹരിക്കാൻ നടപടികള്‍ ഉണ്ടായേ തീരൂവെന്ന് കോടതി ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി.
അതുപോലെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്താണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. നിലവില്‍ നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 9,000ത്തിലധികം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ സർക്കാർ വ്യക്തമായ തീരുമാനം അറിയിക്കണം. ഇക്കാര്യത്തില്‍ നേരത്തെയും കോടതി സർക്കാരില്‍നിന്നു മറുപടി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാത്രമല്ല ലൈസൻസ് ഇല്ലാതെ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിക്കാൻ കഴിയില്ലെന്നും നായകളെ സംരക്ഷിക്കുന്നതിന് എതിരല്ല, പക്ഷേ നിയമപ്രകാരമുള്ള ലൈസൻസുകള്‍ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. നേരത്തെ തെരുവുനായകളുടെ കടിയേല്‍ക്കുന്നവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നു നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തില്‍ കോടതി സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു.