കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം:സുരേഷ് ഗോപി രാജിവയ്ക്കണമെന്ന് ഷീല വിജയകുമാർ

തൃശൂർ: സ്ത്രീകളുടെയും കന്യാസ്ത്രീകളുടെയും വോട്ട് വാങ്ങിയും മാതാവിന് കിരീടം നൽകി കബളിപ്പിച്ചും മുട്ടിലിരുന്ന് പ്രാർത്ഥനാ നാടകം കാണിച്ചും ഇന്നും സിനിമ സ്റ്റൈൽ പ്രകടനം നടത്തുന്ന ബിജെപി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ചത്തീസ് ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ മൗനം പാലിക്കുന്നതെന്തെന്നും പ്രതികരിക്കാൻ ശേഷിയില്ലെങ്കിൽ എം പി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും രാജിവച്ച് പോകണമെന്നും കേരള മഹിളാസംഘം സംസ്ഥാന ജോ. സെക്രട്ടറി ഷീല വിജയകുമാർ.
ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത തിനെതിരെ കേരള മഹിളാസംഘം തൃശൂർ ജില്ല കമ്മിറ്റി തൃശൂർ കോർപ്പറേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജയിലിൽ ആയ കന്യാസ്ത്രീകളോട് ഛത്തീസ്ഗഡ് പോലീസ് മ്ലേച്ഛമായ ഭാഷയിലാണ് സംസാരിക്കുന്നതെന്നും മനുഷ്യക്കടത്തെന്നും മതപരിവർത്തനം എന്നും പറഞ്ഞ് ഇന്ത്യ ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഒരു ശക്തിയായി മോദി സർക്കാർ മുന്നോട്ടുവന്നതിന് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യ ഒരു മതേതര രാഷ്ട്രം ആണെന്നും ഇന്ത്യയിൽ ആർക്ക് ഏത് വിശ്വാസവും ഏതു വസ്ത്രവും ഏതു ഭാഷയും സംസാരിക്കാം എന്നത് ഇന്ത്യൻ ഭരണഘടനയുള്ളപ്പോൾ നിസ്സാര കാര്യം പറഞ്ഞ് കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെ ശക്തിയായി പ്രതിഷേധിക്കുമെന്നും ഷീല വിജയകുമാർ പറഞ്ഞു.
കേരള മഹിളാസംഘം ജില്ലാ പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന് ജില്ലാ സെക്രട്ടറി കെ. എസ് ജയ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്വർണ്ണലത ടീച്ചർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി. ആർ. റോസിലി നന്ദി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനിത രാധാകൃഷ്ണൻ, സജ്ന പർവീൺ, ഗീത രാജൻ, ജയന്തി സുരേന്ദ്രൻ, ജില്ലാ ജോ. സെക്രട്ടി ബിബി സദാനൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതി ലക്ഷ്മി, മണ്ഡലം സെക്രട്ടറിമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.