ഛത്തീസ്ഗഢ് സംഭവം: കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണം : കെ. ജി ശിവാനന്ദന്‍

WhatsApp Image 2025-08-02 at 7.25.25 PM

തൃശൂര്‍:- മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഢിലെ ബി ജെ പി സര്‍ക്കാര്‍ മലയാളികളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ ആവശ്യപ്പെട്ടു. ഛത്തീസ്ഗഢില്‍ രണ്ട് കന്യാസ്ത്രീകള്‍ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരകളായ സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചുവെങ്കിലും വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി ജെ പി സര്‍ക്കാര്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളുടെ പേരില്‍ ചുമത്തിയ കേസുകള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്. കേരളത്തിലെ ബി ജെ പിയുടെ ഇരട്ടമുഖം കൂടുതല്‍ വ്യക്തമാകുന്നതാണ് വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു മുന്നണിയുടെയും പ്രസ്താവന.

കേന്ദ്ര ബജറ്റില്‍ നാരീശക്തി അധിനിയമം കൊണ്ടുവന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്ത് സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോഴൊക്കെ കുറ്റകരമായ മൗനം തുടരുകയാണ്. എല്ലാ കാര്യത്തിലും ആധികാരികമായി പ്രതികരിക്കുന്ന തൃശൂരിന്റെ എം പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തില്‍ ഒരക്ഷരംപോലും മിണ്ടാന്‍ തയ്യാറാകാത്തത് ദുരൂഹമാണ്. അരമനകള്‍തോറും കയറിയിറങ്ങി വോട്ടുറപ്പിക്കാന്‍ പാഞ്ഞുനടക്കുന്നതിനിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീകളും സുരക്ഷ ഉറപ്പാക്കാന്‍ ബി ജെ പി നേതൃത്വം ബോധപൂർവ്വം മറന്നുപോവുകയാണ്. ഇരകള്‍ക്കൊപ്പമാണെന്ന് നടിക്കുകയും വേട്ടക്കാര്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന ബി ജെ പിക്കാരുടെ കാപട്യം എല്ലാവരും തിരിച്ചറിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ കെ വത്സരാജ്, വി എസ് പ്രിൻസ്, ഷീല വിജയകുമാര്‍, കെ പി സന്ദീപ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ എസ് ജയ, അഡ്വ. വി ആർ സുനിൽ കുമാർ, ഷീന പറയങ്ങാട്ടിൽ, സാറാമ്മ റോബ്സൺ തുടങ്ങിയവര്‍ സംസാരിച്ചു. പി ബാലചന്ദ്രൻ എം എൽ എ സ്വാഗതവും അഡ്വ. കെ ബി സുമേഷ് നന്ദിയും പറഞ്ഞു. പ്രൊഫ. എം കെ സാനു മാസ്റ്ററുടെ നിര്യാണത്തിൽ സംഗമം അനുശോചനം രേഖപ്പെടുത്തി.

ഛത്തീസ്ഗഡ് സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മൗനം വെടിയണം എന്നാവശ്യപ്പെട്ട് സിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുരേഷ് ഗോപിയ്ക്ക് ആയിരം കത്ത് അയക്കുന്ന സമരപരിപാടിയും പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നടന്നു. മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷ്, അസി.സെക്രട്ടറി ടി ഗോപിദാസ്, സാറാമ്മ റോബ്‌സണ്‍, ഐ സതീഷ്‌കുമാര്‍, റോയ് കെ പോള്‍, ടി ആര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!