യു.എ.ഇയില്‍ പൊതുമാപ്പ്അവസരം ഉപയോഗിക്കാത്തവര്‍ക്ക് ‘കടുത്ത ശിക്ഷ’

UAE Public

ദുബൈ: യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. വിസ കാലാവധി അവസാനിച്ചവര്‍ക്കും, നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ക്കും ഒരു പിഴയും നല്‍കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമായിരുന്നു അത്. ഇങ്ങനെ രാജ്യം വിടുന്നവര്‍ക്ക് നിയമ തടസമില്ലാതെ തിരികെ വരാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ അവസരം പ്രയോജനപ്പെടുത്താതെ യുഎഇയില്‍ തുടര്‍ന്ന 32,000 പേരെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
താമസ രേഖകള്‍ നിയമപരമാക്കാന്‍ സമയം നല്‍കിയിട്ടും അത് ചെയ്യാതിരുന്ന ആളുകളും ഈ കൂട്ടത്തിലുണ്ട്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്താന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതരാണ് പരിശോധന നടത്തുന്നത്. ഇവരുടെ പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക. പിഴയും തടവും കൂടാതെ ഇവരെ നാടുകടത്തുകയും ചെയ്യും. നിയമ ലംഘകരെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്താനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതോടെ ഇവര്‍ക്ക് ആജീവനാന്തം യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പിടിയിലാകുന്നവര്‍ മുന്‍കാല പ്രാബല്യത്തോടെ പിഴ അടയ്ക്കണം. അതിന് പുറമെയാണ് തടവും നാടുകടത്തലുമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
വരും ദിവസങ്ങളിലും നിയമലംഘകരെ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. വിസയും താമസ രേഖകളും ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നവരും സമാന നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

error: Content is protected !!