ടെക്നോപാർക്ക് 35ാം വാർഷികംവരുന്നു 10,000 തൊഴിലവസരങ്ങൾ

തിരുവനന്തപുരം: ടെക്നോപാർക്കിന്റെ 35 വർഷം ആഘോഷിക്കുന്ന വേളയിൽ നിരവധി പുതിയ പദ്ധതികളാണ് പൂർത്തിയാകുന്നത്. ആറ് കെട്ടിടങ്ങൾ കൂടി യാഥാർത്ഥ്യമാകുമ്പോൾ പുതിയ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ജൂലൈയിൽ കൊമേഷ്യൽ കം ഐടി കെട്ടിടം (50,000 സ്‌ക്വയർ ഫീറ്റ്), ആഗസ്റ്റിൽ ബ്രിഗേഡ് സ്‌ക്വയർ (1.85 ലക്ഷം സ്‌ക്വയർ ഫീറ്റ്), ഭവാനി റൂഫ് ടോപ്പ് (8000 സ്‌ക്വയർ ഫീറ്റ്), നിള റൂഫ് ടോപ്പ് (22,000 സ്‌ക്വയർ ഫീറ്റ്), ഡിസംബറിൽ പ്രീഫാബ് കെട്ടിടം (50,000 സ്‌ക്വയർ ഫീറ്റ്), 2026 ജനുവരിയിൽ ടിസിഎസ് ഐടി/ഐടിഇഎസ് ക്യാമ്പസ് (5 ലക്ഷം സ്‌ക്വയർ ഫീറ്റ്) എന്നിവയാണ് പൂർത്തിയാകുന്നത്.
എംബസി ടോറസുമായി സഹകരിച്ചുള്ള ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം, ബ്രിഗേഡ് എന്റർപ്രൈസസുമായി ചേർന്ന് ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്റർ, ടെക്നോപാർക്കിന്റെ സ്വന്തം ടൗൺഷിപ്പ് പദ്ധതിയായ ക്വാഡ് തുടങ്ങിയ വൻകിട ടൗൺഷിപ്പുകളിലൂടെ ടെക്നോപാർക്കിനെ അടുത്ത തലമുറ ടെക് ഹബ്ബാക്കി നവീകരിക്കും. ഐടി/ഐടിഇഎസ് ഇടങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ സ്ഥാപനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് വാക്ക് ടു വർക്ക് മോഡലാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്.
വിദേശ രാജ്യങ്ങളിലുള്ള ലിവ്-വർക്ക്-പ്ലേ സമീപനമാണ് ഇതിലൂടെ ആവിഷ്‌കരിക്കുന്നത്. യാത്രാദൂരം കുറയ്ക്കുക, ഒരേ പരിസരത്ത് താമസം, ജോലി, ഒഴിവുസമയ ആവശ്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ വർക്ക് ലൈഫ് ബാലൻസ് എന്ന സമൂഹബോധം വളർത്തുകയാണ് ലക്ഷ്യം. ടെക്നോപാർക്ക് ഫേസ് 1 ലും 3ലും, 4ലും (ടെക്നോസിറ്റി) ആണ് ഈ മെഗാ പദ്ധതികൾ വരുന്നത്.
1990 ജൂലൈ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ വൈദ്യൻ കുന്നിലാണ് ടെക്നോപാർക്കിന് ശിലയിടുന്നത്. 35 വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 28ന് ആരംഭിക്കുന്ന പരിപാടികൾ ‘ടെക് എ ബ്രേക്ക്’ മെഗാ സാംസ്‌കാരിക പരിപാടിയോടെ അടുത്ത വർഷം ജൂലൈയിൽ അവസാനിക്കും.