പുത്തന്‍ കെട്ടിടത്തിന്റെ തിളക്കത്തില്‍ അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രം

കേരളത്തിന്റെ ആരോഗ്യ മേഖലയുടെ പ്രധാന ശക്തികളിലൊന്നാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രങ്ങള്‍കൂടിയാണിവ. അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളാണ് പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടി ജനങ്ങള്‍ക്ക് ലഭ്യമാകുക.
അവണൂര്‍ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളായ മുളങ്കുന്നത്തുകാവ്, കോലഴി, മുണ്ടത്തിക്കോട് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും മറ്റു തൊഴില്‍ മേഖയിലുമായി പ്രവര്‍ത്തിക്കുന്ന എഴുന്നൂറിലധികം അതിഥി തൊഴിലാളികള്‍ക്കും ഉപകാരപ്രദമാവുന്ന രീതിയില്‍ 408 സ്‌ക്വയര്‍ മീറ്ററിലാണ് കുടുംബാരോഗ്യകേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
പുതിയ കെട്ടിടത്തില്‍ ഒ.പി. കൗണ്ടര്‍, പ്രീ ചെക്കപ്പ് റൂം, മൂന്ന് ഒ.പി. മുറികള്‍, ഡ്രസ്സിങ്ങ് റൂം, ഒബ്‌സര്‍വ്വേഷന്‍ റൂം, പാലിയേറ്റീവ് റൂം, ഫാര്‍മസി, സ്റ്റോറും, ലാബ്, ശുചിമുറി, വിശാലമായ കാത്തിരിപ്പ് കേന്ദ്രം എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഭാവിയില്‍ രണ്ട് നിലകള്‍കൂടി നിര്‍മിക്കാവുന്ന വിധത്തിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് എന്നീ പുതിയതായി അനുവദിച്ച തസ്തികകള്‍കൂടി വന്നതോടുകൂടി ഒ.പി. സമയം നാല് മണി വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എച്ച്.എം.സി. വഴി പുതിയ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. പുതിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ലാബ് വിഭാഗത്തിന്റെ സേവനംകൂടി ലഭ്യമാകും.