സ്കൂളുകളില്‍ ഭരണഘടന ആമുഖ ചുമര് സ്ഥാപിച്ചു
കുന്നംകുളം നഗരസഭ പരിധിയിലെ 24 സ്കൂളുകളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭരണഘടന ചുമര് …

കുന്നംകുളം നഗരസഭ പരിധിയിലെ 24 സ്കൂളുകളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭരണഘടന ചുമര് അനാച്ഛാദനം ചെയ്തു. ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഭരണഘടന ചുമര് അനാച്ഛാദനം നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ തിരുത്തിക്കാട് ഭാരത് മാത സ്കൂളിലും സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍ തുടങ്ങിയവര്‍ യഥാക്രമം ബി.സി.എല്‍.പി.എസ് കുന്നംകുളം, വി.എസ് കിഴൂര്‍, സി.എം.എസ്.പി.ജി.എസ് കുന്നംകുളം, സെന്റ് തോമസ് എല്‍.പി.എസ് ആര്‍ത്താറ്റ്, ബി.സി.ജി.എച്ച്.എസ് കുന്നംകുളം എന്നീ സ്കൂളുകളില്‍ ഭരണഘടന ചുമര് അനാച്ഛാദനം ചെയ്തു. മറ്റ് വിദ്യാലയങ്ങളില്‍ കൗണ്‍സിലര്‍മാര്‍ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്തു.
തൃശ്ശൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന സമേതം വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് നഗരസഭ പരിധിയിലെ 24 സ്കൂളുകളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തത്. 23 സ്കൂളുകളിലും ചൊവ്വാഴ്ച തന്നെ ഭരണഘടന ആലേഖന ചുമര് നിലവില്‍ വന്നു. കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ഭരണഘടന ചുമര് ആലേഖനം ചെയ്തിരുന്നു.