ജില്ലാ പഞ്ചായത്ത്‌ 100 സയൻസ് ഡോക്യൂമെന്ററികൾ നിർമ്മിക്കും

SCIENCE

തൃശൂർ: ശാസ്ത്രസമേതം – പ്രോജക്ടിന്റെ ഭാഗമായി 100 സയൻസ് സിനിമകൾ നിർമ്മിക്കുന്നതിനു തൃശൂർ ജില്ലാ പഞ്ചായത്ത്‌ മുൻകൈയെടുക്കും. തൃശൂർ ജില്ലയിലെ സ്കൂൾ അധ്യാപകർക്കു അതിന്നാവശ്യമായ പരിശീലനം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ് പ്രിൻസ് അറിയിച്ചു. തൃശൂരിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സയൻസ് ചലച്ചിത്രമേള (ISFF2025) യുടെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വെർച്ചൽ കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ നിരവധി പേർപങ്കെടുത്തു. എൻ.സി.ഇ.ആർ.ടി ഇന്ത്യയുടെ മധ്യകാല ചരിത്രം പോലും തിരുത്തിയെഴുതുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കാലഘട്ടത്തിൽ ശാസ്ത്രീയമായ ചിന്ത ഏറെ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻവർഷം അന്തരിച്ച ചലച്ചിത്ര സംവിധായകനായ ഷാജി എൻ കരുണാണ് ശാസ്ത്രചലച്ചിത്ര മേളയുടെ ഒന്നാമത്തെ പതിപ്പ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ ഒരു തദ്ദേശസ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അധ്യാപകർക്കുമായി ആദ്യമായാണ് ഇത്തരത്തിലുള്ള ശാസ്ത്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഐ.എഫ് എഫ്.ടി ഡയറക്ടർ ചെറിയാൻ ജോസഫ് ഈ വർഷത്തെ പദ്ധതികൾ വിശദീകരിച്ചു. കേരളം ശാസ്ത്ര ചിന്തയിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിലാണെങ്കിലും ശാസ്ത്ര ചലച്ചിത്രങ്ങൾ കേരളത്തിൽ നിർമ്മിക്കപ്പെടുന്നില്ലെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ജില്ലാ പഞ്ചായത്ത് ഈ വിഷയത്തിൽ അധ്യാപകർക്ക് പരിശീലനം നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
സമേതം- സമഗ്ര വിദ്യാഭ്യാസ പരിപാടി, തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഐ.എഫ് എഫ്.ടി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭൗമം എന്നിവർ സംയുക്തമായാണ് ഈ വർഷത്തെ ശാസ്ത്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. മുൻ വർഷം നടന്ന ശാസ്ത്ര ചലച്ചിത്ര മേളയുടെ ISFF2024 സോവനീർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ് പ്രിൻസ്, കാലാവസ്ഥ ശാസ്തജ്ഞൻ ഡോ. ബേബി ചക്രപാണിയ്ക്ക് നൽകി പ്രകാശനം ചെയ്തു.
രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്ര മേള ആഗസ്റ്റ് 8, 9, 10 തിയ്യതികളിൽ തൃശൂർ കൈരളി/ശ്രീ തീയേറ്ററിലും, മോഡൽ ഗേൾസ് ഹയർ സെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലുമാണ് നടക്കുക. മേളയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും ശാസ്ത്ര ചലച്ചിത്ര/ ഡോക്യുമെന്ററികൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. രണ്ട് വിഭാഗങ്ങളിലും ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകും.
മത്സര ഭാഗത്തുള്ള എൻട്രികൾ ഇന്നു മുതൽ അയക്കാം. ഒപ്പം മേളയിൽ മുഴുവൻ സമയവും പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ അഡ്രസ്സിൽ ലഭിക്കും. ifftinfo2@gmail.com, isff2024@gmail.com തൃശ്ശൂർ ജില്ലാപഞ്ചായത്ത് അംഗം വി എൻ സുർജ്ജിത്ത്, സമേതം പ്രൊജക്റ്റ് കോർഡിനേറ്റർ വി മനോജ്, ജില്ലാ പ്ലാനിംഗ് – റിസർച്ച് ഓഫീസർ ഹസീജ എന്നിവർ സംസാരിച്ചു.

error: Content is protected !!