ജീവൻ രക്ഷിച്ച പോലീസിന് നന്ദി അറിയിക്കാൻ സ്റ്റേഷനിലെത്തി ജോൺസൻ

ജോണ്സണ് മണ്ണുത്തി പൊലീസ് സ്റ്റേഷനിലെത്തി ജീവന് രക്ഷിച്ച നന്മയ്ക്ക് നന്ദിപറയാന്‍. ഞായറാഴ്ച വൈകിട്ടാണ് മുളയം റോഡിലുള്ള തൈക്കാടൻ വീട്ടിൽ ജോൺസൻ പറവട്ടാനിയിലുള്ള മകളുടെ വീട്ടിലേക്ക് പോയത്. അന്നുതന്നെ വൈകീട്ട് ആറുമണിയോടെ മകളും പേരകുട്ടിയുമായി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിൽ നെഞ്ചുവേദന തോന്നിയ ജോൺസൻ ആകെ വിയർക്കുകയും സീറ്റിൽ തളർന്ന് കിടക്കുകയും ചെയ്തു. അസ്വസ്ഥത മകളോട് പറഞ്ഞ ഉടൻതന്നെ ജോൺസൻ കുഴഞ്ഞുവീണു. പിന്നീട് ഫിക്സ് ലക്ഷണങ്ങളോടെ രക്തം ചർദ്ദിക്കാനും തുടങ്ങി. ഇതുകണ്ട് എല്ലാവരും ആകെ പരിഭ്രാന്തിയിലായി.
മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ആംബുലൻസ് സംവിധാനമുണ്ടെന്ന് മനസ്സിലാക്കിയ ഓട്ടോറിക്ഷ ഡ്രൈവർ ഉടൻതന്നെ വാഹനം സ്റ്റേഷനിലെത്തിച്ച് പോലീസുദ്യോഗസ്ഥരോട് വിവരം അറിയിക്കുകയും ഇൻസ്പെക്ടർ ബൈജു ഉടൻതന്നെ സിവിൽ പോലീസ് ഓഫീസർമാരായ ഷൈൻ, കിരൺ, എന്നിവരോട് എത്രയും പെട്ടെന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ അറിയിച്ചു.
ആംബുലൻസിൽ കിടത്തിയ ജോൺസന് ചലനമില്ല എന്ന് മനസ്സിലാക്കിയപ്പോൾ പോലീസുദ്യോഗസ്ഥർ ആശുപത്രിയിലെത്തും വരെ സിപിആർ നൽകുകയായിരുന്നു. നെഴ്സായ മകളും പോലീസുദ്യോഗസ്ഥരെ സഹായിച്ചു. ആശുപത്രിയിലെത്തിയ ഉടൻതന്നെ ജോൺസനെ ഐസിയുവിൽ എത്തിച്ചു. പിന്നീട് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു. തന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി സഹായിച്ച പോലീസിനോട് നന്ദി പറയാൻ ജോൺസൺ പോലീസ് സ്റ്റേഷനിൽ എത്തി.