അധികൃതരുടെ മൂക്കിനുതാഴെ മാലിന്യനിക്ഷേപം

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ഓഫീസില്‍ മാലിന്യം കുന്നുകൂടുന്നു. മാലിന്യനിക്ഷേപകേന്ദ്രമായി മിനിസിവില്‍സ്റ്റേഷൻ മാറിയതായി നാട്ടുകാർ.
ശുചിത്വനഗരമായി വടക്കാഞ്ചേരി നഗരസഭയെ മാറ്റുവാനുള്ള പ്രവർത്തനം ഒരുഭാഗത്ത് നടക്കുമ്പോഴാണ് സർക്കാർ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന മിനി സിവില്‍ സ്റ്റേഷൻ മാലിന്യനിക്ഷേപകേന്ദ്രമായിമാറുന്നത്.
മാസങ്ങളായി റോഡരികില്‍നിന്നും എടുത്തുകൊണ്ടുവരുന്ന കൊടിതോരണങ്ങളും പ്ലാസ്റ്റിക്കും ചപ്പുചവറുകളുമാണു പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നഗരസഭ നടപടി എടുക്കുന്നില്ലെന്നതാണു ശ്രദ്ധേയം. സിവില്‍ സ്റ്റേഷനില്‍ക്കിടക്കുന്ന മാലിന്യം സിവില്‍ സ്റ്റേഷൻ അധികൃതർതന്നെ എടുത്തുമാറ്റണമെന്നാണു നഗരസഭയുടെ നിലപാട്. എന്നാല്‍ മാലിന്യം നീക്കേണ്ടതു നഗരസഭയാണന്നാണു സിവില്‍സ്റ്റേഷൻ അധികൃതരുടെ ഭാഷ്യം. ശുദ്ധജലത്തിനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കിണറുകള്‍ക്കു നടുവിലാണു മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ കാലവർഷം ശക്തമായതോടെ പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടർന്നുപിടിക്കുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ഉടൻതന്നെ മാലിന്യം നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.