മെഡിക്കൽ കോളേജ് റോഡ് തകർച്ചയിൽ കോൺഗ്രസ് പ്രതിഷേധം

Road Strike

അവണൂർ: തകർന്ന കിടക്കുന്ന മെഡിക്കൽ കോളേജ് – മുണ്ടൂർ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി തടഞ്ഞ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് പി.വി ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ സമരം കെ.പി.സി.സി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ്- മുണ്ടൂർ റോഡിലെ വലിയ കുഴികൾ രോഗികളെ മരണത്തിലേക്ക് തള്ളി വിടുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും, ഭരണനേതൃത്വവും ഉദ്യോഗസ്ഥ നേതൃത്വവും തുടരുന്ന അനാസ്ഥ യാത്രക്കാരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് രാജേന്ദ്രൻ അരങ്ങത്ത് കുറ്റപ്പെടുത്തി. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച ബി.എം.ബി.സി റോഡുകൾ ഉൾപ്പെടെ ആറ് മാസമായി തകർന്ന് കിടക്കുകയാണ്.
തൃശൂർ ജില്ലാ കളക്ടർ, പി.ഡബ്ള്യു.ഡി – വാട്ടർ അഥോറിറ്റി അധികാരികൾ എന്നിവർക്ക് നിരന്തരമായി പരാതി നൽകിയിരുന്നു. ജൂൺ 3-ാം തിയ്യതി തൃശൂർ എ.സി.പി ഇടപെട്ട് ജനപ്രതിനിധികളും പി.ഡബ്ല്യു.ഡി – വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി 15 ദിവസത്തിനകം റോഡ് റിപ്പയർ ചെയ്യാനും അല്ലാത്ത പക്ഷം അപകടമുണ്ടായാൽ രണ്ട് ഡിപ്പാർട്ടുമെന്റുകൾക്കുമെതിരെ നടപടി എടുക്കുമെന്നും കർശന നിർദ്ദേശം നൽകിയിട്ടും റോഡ് ഗതാഗത യോഗ്യമാക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രോഗികളുമായി പോകുന്ന ആംബുലൻസുകളടക്കം ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും എം.എൽ.എയോ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ നേതൃത്വമോ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വഴിതടയൽ സമരം സംഘടിപ്പിച്ചത്. നേതാക്കളായ ബാബു നീലങ്കാവിൽ ,സുരേഷ് അവണൂർ, മുരളീധരൻ ചേലാട്ട്, മണികണ്ഠൻ ഐ ആർ, ബിന്ദു സോമൻ, എൻ.എൽ ആന്റണി, വി.വി അനിൽകുമാർ ,ജയ്സൺ മാസ്റ്റർ, ഹരിദാസ് പി.എൻ, സോജൻ കെ ജെ, ജോയ് പുത്തിരി, നദീറ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!