സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ; 29-ന് ഓണാഘോഷം

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു.
ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതല്‍ 29 വരെ നടക്കുക. എല്‍പി വിഭാഗത്തില്‍ 20-ന് തുടങ്ങും. പരീക്ഷകള്‍ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും.
ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയില്‍ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും.
ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗണ്‍സലിങ് പരിശീലനം 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തില്‍ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
എസ്എസ്കെയില് പണമില്ല; ക്ലസ്റ്റർ ഓണ്‍ലൈനാക്കി
സമഗ്ര ശിക്ഷാ കേരള(എസ്എസ്കെ)യില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, അധ്യാപകർക്കുള്ള ക്ലസ്റ്റർ യോഗങ്ങള്‍ ഓണ്‍ലൈനാക്കി. 13, 14 തീയതികളില്‍ രാത്രി ഏഴുമുതല്‍ എട്ടുവരെയാണ് ഓണ്‍ലൈൻ ക്ലസ്റ്റർ. പിഎംശ്രീ-സ്കൂള്‍ നടപ്പാക്കാത്തതിനാല്‍ ഒന്നരവർഷമായി എസ്എസ്കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. കുട്ടികളുടെ ആധാർ രേഖപ്പെടുത്താൻ കൂടുതല്‍ സമയം അനുവദിക്കാമെന്നും അതനുസരിച്ചാവും തസ്തികനിർണയമെന്നും മന്ത്രി നേരത്തേ ഉറപ്പുനല്‍കിയിരുന്നു. ഇതുവരെ ഉത്തരവിറങ്ങാത്തതില്‍ അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചു.