സര്‍ക്കാര്‍ സ്കൂളിന്റെ സീലിങ് അടര്‍ന്നു വീണു; വൻദുരന്തം ഒഴിവായിനിര്‍മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍

School roof

തൃശൂർ: സർക്കാർ സ്കൂളില്‍ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി സർക്കാർ യു. പി സ്കൂളില്‍ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മഴകാരണം ഇന്ന് സ്കൂള്‍ അവധി ആയതിനാല്‍ വൻ ദുരന്തം ഒഴിവായി. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങിന്റെ ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്.
54 ലക്ഷം രൂപ ചെലവില്‍ 2023ലാണ് ഹാളില്‍ സീലിങ് ചെയ്തത്.

പത്ത് വർഷങ്ങള്‍ക്ക് മുൻപ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ അശാസ്ത്രീയപരമായാണ് കെട്ടിടം നിർമിക്കുന്നത് എന്ന ആരോപിച്ച്‌ പരാതി നല്‍കിയിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുൻപ് മഴ പെയ്ത് സീലിങ് കുതിർന്നപ്പോഴും പരാതിപ്പെട്ടിരുന്നു.

ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സ്കൂളിൽ നടക്കുന്നത്. കെട്ടിട നിർമാണത്തിലെ അഴിമതി ആരോപിച്ചാണ് പ്രതിഷേധം. അശാസ്ത്രീയമായ നിർമാണമാണിതെന്നും വെള്ളം വന്ന് ഈർപ്പം നിൽക്കുകയാണെന്നും രാവിലെ വരുന്ന കുട്ടികളെ ഇവിടെയാണ് ഇരുത്തുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
എന്നാല്‍, ഇത് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച്‌ സ്കൂള്‍ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ആക്ഷേപം ഉയർത്തുന്നു.

(BOLD LETTER) അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

കോടാലി സർക്കാർ എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിംഗ് തകർന്നു വീണ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർക്കും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. ഇന്ന് രാവിലെ ആണ് സംഭവം. അസംബ്ലി കൂടുന്ന ഹാളിലെ സീലിംഗാണ് തകർന്നു വീണത്.

(BOLD LETTER) നിർമാണ അപാകത പരിശോധിച്ച് വീഴ്ച കണ്ടെത്തിയാൽ കർശന നടപടി: എം.എൽ.എ

പുതുക്കാട് മറ്റത്തൂർ പഞ്ചായത്തിലെ കോടാലി ജി.എൽ.പി സ്കൂളിൽ തകർന്നു വീണ ജിപ്സം സീലിം​ഗ് പുനർനിർമിച്ചു നൽകാമെന്ന് കോസ്റ്റ് ഫോർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായി കെ.കെ രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കോടാലി ജി.എൽ.പി സ്കൂളിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചതിനു ശേഷം അറിയിച്ചതാണിത്.
സീലിം​ഗ് പൂർണമായും തകർന്നു വീണതിലുണ്ടായ നിർമാണ അപാകത പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എയ്ക്കൊപ്പം സ്‌കൂൾ സന്ദർശിച്ചു

error: Content is protected !!