കിടുക്കാച്ചി ലുക്കിൽ ദേ……… ആനവണ്ടി

അടിപൊളി സ്റ്റൈലിലെത്തിയ കെഎസ്ആർടിസി ബസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന സ്റ്റൈലിലാണ് പുതിയ ബസുകൾ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. പ്രകാശിൽ നിർമിച്ച പുതിയ കെഎസ്ആർടിസി ബസ് ചിത്രങ്ങൾ എന്ന തലക്കെട്ടോടെയാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കെഎസ്ആർടിസി അധികൃതർ നൽകിയിട്ടില്ല.
ത്രിവർണ പതാകയുടെ നിറങ്ങളും കഥകളിയുടെ ഗ്രാഫിക്സും പുതിയ ബസിന് നൽകിയിട്ടുണ്ട്. പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ് ഈ ബസുകൾ നിർമിച്ചിരിക്കുന്നത്.
കെഎസ്ആർടിസി ഹൈബ്രിഡ് ബസുകൾ എന്ന് വിശേഷിപ്പിക്കുന്ന സ്ലീപ്പർ കം സീറ്റർ സംവിധാനത്തിലാണ് ഈ ബസുകളുടെ ഉൾവശം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുകളിൽ രണ്ട്, ഒന്ന് ക്രമീകരണത്തിൽ സ്ലീപ്പറും താഴെ പുഷ് ബാക്ക് സീറ്റുകളും ഒരുക്കിയിരിക്കുന്നു.ലെയ്ലാൻഡിന്റെ 13.5 മീറ്റർ നീളമുള്ള ഗരുഡ ഷാസിയിലാണ് ബസ് നിർമിക്കുന്നത് എന്നാണ് കരുതുന്നത്. 5.33 ലീറ്റർ നാലു സിലിണ്ടർ ടർബോ എൻജിനാണ് ഉപയോഗിക്കുന്നത്. 185 കിലോവാട്ട് കരുത്തും 900 എൻഎം ടോർക്കുമുണ്ട്.
നേരത്തെ കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ബോഡി എത്തിയിരുന്നു. ടാറ്റയുടെ ഷാസിയിൽ എജിസിഎൽ ബോഡി ഒരുക്കിയ ബസുകളാണ് എത്തിയത്. എന്നാൽ ഈ ബസുകളുടെ ഡിസൈൻ സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഓണത്തിന് മുന്നോടിയായി പുതിയ ബസുകൾ നിരത്തുകളിൽ ഇറങ്ങുമെന്നാണ് വിവരം.