അക്ഷരവെളിച്ചവുമായി ‘വാ…വായിക്കാം’;അങ്കണവാടിയിൽ ഇനി വായനശാലയും

കുരുന്നുകളുടെ കളിച്ചിരികൾക്കൊപ്പം അക്ഷരങ്ങളുടെ ലോകവും സമ്മാനിച്ച് നാടിന് മാതൃകയായി മുന്നേറുകയാണ് തൃശൂർ ജില്ലയിലെ അങ്കണവാടികൾ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘വാ… വായിക്കാം’ പദ്ധതിക്ക് അന്തിക്കാട് ഐ.സി.ഡി.എസ് ബ്ലോക്കിലെ അരിമ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലുള്ള പതിമൂന്നാം നമ്പർ ഉഷസ് അങ്കണവാടിയിലും തുടക്കമായി.
എല്ലാ തലമുറയിലുമുള്ളവർക്കും എളുപ്പത്തിൽ പുസ്തകങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ് ‘അങ്കണവാടികൾ വായനശാലകളാകുന്നു’ എന്ന നൂതന ആശയം മുന്നോട്ടുവെച്ചത്. പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്കൂൾ-കോളേജ് വിദ്യാർത്ഥികളിൽ നിന്നും, പൊതുപരിപാടികളിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ കളക്ടറേറ്റിൽ ശേഖരിച്ചാണ് ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിൽ വായനശാലകൾ ഒരുക്കുന്നത്.
ഈ പദ്ധതിയിലൂടെ അങ്കണവാടികളിലെ വയോജന ക്ലബ്ബുകളിലെ അംഗങ്ങൾക്കും കൗമാരക്കാരായ കുട്ടികൾക്കും അമ്മമാർക്കും ഉൾപ്പെടെ ആർക്കും പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിച്ച് തിരികെ നൽകാം. ഭിന്നശേഷി, വയോജന സൗഹൃദ പ്രവർത്തനങ്ങളിൽ മാതൃകയായ അരിമ്പൂർ പഞ്ചായത്തിലെ അങ്കണവാടിയെ പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞതിൽ കളക്ടർക്കും സന്തോഷം.
എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ജില്ലയിലെ മറ്റെല്ലാ അങ്കണവാടികളിലും ഈ മാതൃകയിൽ ലൈബ്രറികൾ ഒരുക്കുവാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കുരുന്നുകൾക്കൊപ്പം അൽപസമയം ചെലവഴിച്ച്, എല്ലാവർക്കും മധുരം നൽകിയാണ് അവരുടെ സ്വന്തം കളക്ടർ മടങ്ങിയത്.
അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻ്റ് സജീഷ്, പഞ്ചായത്തംഗം ഹരിദാസ് ബാബു, ‘ക്രഡായ്’ തൃശ്ശൂർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, അംഗങ്ങളായ കാർത്തിക്, ചെറിയാൻ ജോൺ, സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.