‘ഓണത്തിന് വിഷം വിളമ്പരുത് ‘ ; കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി – പഴവർഗങ്ങളില്‍ മാരക കീടനാശിനി പ്രയോഗം. ഓണക്കാലത്തിനു മുന്നോടിയായി കൃഷി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
പച്ചക്കറിയിലൂടെയും പഴവർഗങ്ങളിലൂടെയും മാരക കീടനാശിനി മലയാളിയുടെ ഉള്ളിലേക്ക് ചെന്നു തുടങ്ങിയിട്ട് വർഷം കുറെയായി. എന്നാൽ ഇത്തവണ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മുമ്പെങ്ങും ഇല്ലാത്ത വിധം കീടനാശിനി പ്രയോഗിക്കുന്നു. കൃഷിവകുപ്പ് എല്ലാ മാസവും കൃത്യമായി പച്ചക്കറികള്‍ പരിശോധിക്കാറുണ്ട്. ഓണത്തിന് മുന്നോടിയായി വിപണിയിലെ പച്ചക്കറിയും പഴങ്ങളും പരിശോധിച്ചപ്പോഴാണ് കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടത്.
പച്ചമുളക്, വെളുത്തുള്ളി, ക്യാരറ്റ്, ക്യാപ്സിക്കം, തുടങ്ങി പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും എല്ലാം തന്നെ കീടനാശിനിയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. ഇതോടെ ആഭ്യന്തര പച്ചക്കറി ഉല്‍പാദനത്തിനുള്ള വഴി കൃഷിവകുപ്പ് നേരത്തെ തുറന്നിരുന്നു. ഇത് പ്രകാരം ഹോർട്ടികോർപ്പിലൂടെ ഓണക്കാലത്ത് പരമാവധി വിലകുറച്ച് ജൈവ പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.
കേരളത്തില്‍ ഉല്‍പാദിപ്പിക്കാൻ കഴിയാത്ത പച്ചക്കറികള്‍ തമിഴ്നാട് – മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഹോർട്ടികോർപ് നേരിട്ട് കേരളത്തില്‍ എത്തിക്കും. നിശ്ചിത അളവിനും അപ്പുറത്തേക്ക് കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് പരിശോധന കൂടുതല്‍ കർശനമാക്കിയത്.