തൃശൂരിലെ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന് മോഡൽ പദവി;സ്മാർട്ട് കാർഡ് വിതരണത്തിനും തുടക്കമായി

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചായി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണ് തൃശൂരിലേത്. സംസ്ഥാന തലത്തിൽ ആദ്യ ഘട്ടം എന്ന നിലയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും സ്മാർട്ട് കാർഡ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
തൊഴിൽ മേഖലയ്ക്ക് അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് വേണ്ട പരിശീലനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, ജനന തീയതി തുടങ്ങി ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ പ്രൊഫൈൽ എളുപ്പത്തിൽ കാണാനാകുന്ന വിധത്തിലുള്ള സ്മാർട്ട് കാർഡുകളാണ് ഇനി മുതൽ ലഭ്യമാവുക.
തൊഴിലന്വേഷകരും തൊഴിൽദാതാക്കളും ആഗ്രഹിക്കുന്ന നിലവാരത്തിൽ, സൗഹൃദപരവും ആധുനികവുമായ സേവനങ്ങൾ നൽകുക എന്നതാണ് മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വയം സേവന സംവിധാനം, സ്മാർട്ട് രജിസ്ട്രേഷൻ കാർഡ്, പേപ്പർ രഹിത ഓഫീസ്, ആധുനിക കുടിവെള്ള ഫിൽറ്ററുകൾ, വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ടെലിവിഷൻ സംവിധാനം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ, പുതുക്കൽ എന്നിവക്കായി ഏകജാലക സംവിധാനവും സന്ദർശകർക്കായി പ്രത്യേക കമ്പ്യൂട്ടർ സൗകര്യങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അധിക സേവനങ്ങളായി ഒരുക്കിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ എംപ്ലോയ്മെന്റ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ. മോഹൻദാസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. അശോകൻ എന്നിവർ സംസാരിച്ചു.