അടച്ചു പൂട്ടൽ ഭീഷണിയിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക്;പ്രൗഢിയോടെ തലയുയർത്തി ജിഎംയുപിഎസ് ചേറ്റുവ

GMUP Chettuva

ഒരു കാലത്ത് അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്ന ചേറ്റുവ ജിഎംയുപി സ്കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പുതിയതായി പണി കഴിപ്പിച്ച മൂന്ന് നിലക്കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തതോടെ തീർദേശ മേഖലയിലെ കുട്ടികൾക്കായി മികച്ച പഠന സാഹചര്യമൊരുക്കുകയാണ് ഈ പൊതുവിദ്യാലയം. ചടങ്ങിൽ എൻ.കെ അക്ബർ എംഎൽഎ അദ്ധ്യക്ഷനായി.

പൊതു വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമാണ് ഈ സർക്കാരിന്റെ കാലയളവിൽ വന്നതെന്ന് മന്ത്രി പറഞ്ഞു. അയ്യായിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിദ്യാലയങ്ങൾക്കായി മാത്രം ചെലവഴിച്ചു. പതിനാറ് വർഷങ്ങൾക്ക് ശേഷം ഒന്ന് മുതൽ പത്ത് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരിക്കുകയും തുടങ്ങി ഒട്ടനവധി മാറ്റങ്ങൾ ഈ കാലയളവിൽ ഉണ്ടായെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

നവകേരളം കർമ്മപദ്ധതി വിദ്യാകരണം മിഷൻ 2020-21 പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ചടങ്ങിൽ മുൻ കെ.വി അബ്‌ദുൾഖാദർ എംഎൽഎ മുഖ്യാതിഥിയായി. സ്‌കൂൾ വികസന സമിതി രക്ഷാധികാരി പി.ബി ഹുസൈൻ ഉപഹാര സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ അജീഷ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, വൈസ് പ്രസിഡന്റ് ബി.കെ സുദർശനൻ, വിദ്യാകിരണം കോ-ഓഡിനേറ്റർ രമേഷ് കേശവൻ, എക്സിക്യൂട്ടിവ് എഞ്ചിനീയർ പി.ജെ സ്മിത, പ്രധാനാധ്യാപകൻ പി.ബി സജീവ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!