സംസ്ഥാന കർഷക അവാർഡ് തൃശൂരിന് അഞ്ച് പുരസ്കാരങ്ങൾ

സംസ്ഥാന കർഷക അവാർഡിൽ തൃശൂർ ജില്ലയ്ക്ക് അഞ്ച് പുരസ്കാരങ്ങൾ. ആദിവാസി ഊരിലെ മികച്ച ജൈവകൃഷിക്കുള്ള രണ്ടാം സ്ഥാനം അതിരപ്പിള്ളി അടിച്ചിതൊട്ടി ഉന്നതി കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
വെള്ളാങ്ങല്ലൂർ സ്വദേശിയായ എൻ.എസ്. മിഥുൻ കർഷകജ്യോതി അവാർഡ് കരസ്ഥമാക്കി. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും പുരസ്കാരമായി ലഭിക്കും.
കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ പുരസ്കാരം കേരള കാര്‍ഷിക സര്‍വകലാശാല കൊക്കോ ഗവേഷണകേന്ദ്രത്തിലെ പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ജെ.എസ്. മിനിമോൾക്കാണ്.
സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ സ്മിതയെ തെരഞ്ഞെടുത്തു.
സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നേടി.
ഓഗസ്റ്റ് 17 ന് തൃശൂരില്‍ നടക്കുന്ന കര്‍ഷകദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇവര്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ ഉള്‍പ്പെടെ 46 കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും.