ഗുരുവായൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അതിവേഗം

തൃശൂർ: ഗുരുവായൂർ ദേവസ്വം അത്യാധുനിക ആശുപത്രിയെന്ന സ്വപ്നപദ്ധതി ഒടുവില്‍ യാഥാർഥ്യത്തിലേക്ക്. ദീർഘകാലമായി ഗുരുവായൂരിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി.
58 കോടിയുടെ എസ്റ്റിമേറ്റാണ് ദേവസ്വം ഭരണസമിതി അംഗീകരിച്ചത്. കാഞ്ഞങ്ങാട് ദാമോദർ അസോസിയേറ്റ്സാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികള്‍ ആരംഭിക്കും. ഇപ്പോള്‍ ആശുപത്രി സ്ഥിതിചെയ്യുന്നതിനോടു ചേർന്നുള്ള 1.45 ഏക്കറിലാണ് പുതിയ ആശുപത്രി നിർമിക്കുന്നത്. 82,363 ചതുരശ്ര അടിയില്‍ ബേസ്മെന്‍റിൽ പാർക്കിംഗ് ഉള്‍പ്പടെ അഞ്ചു നിലകളിലായാണു നിർമാണം.
താഴത്തെ നിലയില്‍ 21 കിടക്കകളുള്ള അത്യാഹിതവിഭാഗം, 11 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, എക്സ്റേ യൂണിറ്റ്, ദന്തരോഗവിഭാഗം തുടങ്ങിയവ പ്രവർത്തിക്കും. ഒന്നാംനിലയില്‍ പരിശോധനാമുറികള്‍, ലാബ് സൗകര്യം, മെഡിക്കല്‍ സൂപ്രണ്ടിന്‍റെ മുറികള്‍. 21 ബെഡുകളുള്ള സ്ത്രീകളുടെ വാർഡ്, 23 ബെഡുകളുള്ള പുരുഷ വാർഡ്, വിഐപി മുറികള്‍ ഉള്‍പ്പെടെ 12 മുറികള്‍ എന്നിവയാണ് രണ്ടാംനിലയില്‍. മൂന്നാംനിലയില്‍ കാത്ത് ലാബ്, മൂന്ന് ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവയുണ്ടാകും. ദേവസ്വം മരാമത്ത് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് നിർമാണപ്രവൃത്തികള്‍ നടത്തുക.