ഗവർണറുടെ ‘അറ്റ്‌ഹോം’ പരിപാടി ബഹിഷ്‌കരിച്ച് സർക്കാർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ‘അറ്റ്‌ഹോം’ പരിപാടിയില്‍ നിന്ന് സർക്കാർ വിട്ടുനിന്നു. മുഖ്യമന്ത്രിയും ഉൾപ്പടെ മന്ത്രിമാർ വിട്ടുനിന്ന ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിട്ടുനിന്നു . വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുകയാണ്. ഇതിനിടെയാണ് ഗവര്‍ണര്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നത്.
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഗവര്‍ണര്‍ രാജ്ഭവനില്‍ ചായസല്‍ക്കാരം ഒരുക്കാറുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുനിന്നുള്ളവരും ചടങ്ങില്‍ പങ്കെടുക്കുക പതിവാണ്. കാവിക്കൊടിയേന്തിയ വനിതയുമായി ബന്ധപ്പെട്ട വിഷയത്തിന് പിന്നാലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകയാണ്. ഇതിനിടെ ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മനഃപൂര്‍വ്വം വിട്ടുനിന്നു എന്നാണ് വിവരം. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ ഔദ്യോഗിക വസതിയായ അജന്ത രാജ്ഭവന് എതിര്‍വശത്താണ് പരിപാടി നടക്കുന്ന സമയം മന്ത്രി ജി ആര്‍ അനില്‍ പൊലീസ് അകമ്പടിയോടെ വസതിയിലേക്ക് പോയിരുന്നു. മന്ത്രിയും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.