അമ്മയെ ഇനി ശ്വേതയും കുക്കുവും നയിക്കും

കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. വോട്ടെണ്ണലും കഴിഞ്ഞപ്പോൾ പ്രസിഡൻറായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 504 അംഗങ്ങളുള്ള സംഘടനയിൽ വോട്ടെടുപ്പിൽ വലിയ ഇടിവാണ് കണ്ടത്. കഴിഞ്ഞ തവണ 357 പേർ വോട്ട് ചെയ്യാനെത്തിയിരുന്നു. ഇത്തവണ അത് 298 ആയി കുറഞ്ഞു. ഏറ്റവും കടുത്ത മത്സരം പ്രസിഡൻ്റ് പദവിയിലേക്ക് നടന്നപ്പോൾ 27 വോട്ടിനാണ് ശ്വേത മേനോൻ എതിർ സ്ഥാനാർത്ഥിയായ നടൻ ദേവനെ പരാജയപ്പെടുത്തിയത്.
പ്രസിഡൻ്റ് സ്ഥാനത്ത് ശ്വേത മേനോൻ 159 വോട്ട് നേടി. അതേസമയം ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരൻ 172 വോട്ട് നേടിയപ്പോൾ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 57 വോട്ടാണ് കുക്കു പരമേശ്വരൻ്റെ ഭൂരിപക്ഷം. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്.
ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ഇവർക്ക് യഥാക്രമം 267 വോട്ടും 139 വോട്ടും ലഭിച്ചു. എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് സരയു മോഹൻ (224), അഞ്ജലി നായർ (219), ആശ അരവിന്ദ് (221), നീന കുറുപ്പ് (218), കൈലാഷ് (257), സന്തോഷ് കീഴാറ്റൂർ (243), ടിനി ടോം (234), ജോയ് മാത്യു (225), വിനു മോഹൻ (220), ഡോ. റോണി ഡേവിഡ് രാജ് (213), സിജോയ് വര്‍ഗീസ് (189) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. വനിതകളിൽ സജിതയും ജനറൽ വിഭാഗത്തിൽ നന്ദു പൊതുവാളും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ടു.