ഓണം കഴിഞ്ഞ് പാൽ വില കൂട്ടാനൊരുങ്ങി മില്‍മ

milma milk packets

ഓണത്തിനുശേഷം പാല്‍ വില കൂട്ടുമെന്നറിയിച്ച്‌ മില്‍മ. ബോർഡ് യോഗത്തില്‍ ഇതുസംബന്ധിച്ച്‌ ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം. സെപ്റ്റംബർ 15നാണ് അടുത്ത ബോർഡ് യോഗം ചേരുക. വില കൂട്ടണമെന്ന ആവശ്യം ഒരു വർഷത്തോളമായി മില്‍മയുടെ മുന്നിലുണ്ട്. 2022 ഡിസംബറിലാണ് അവസാനമായി മില്‍മ വില കൂട്ടിയത്. ആറ് രൂപയായിരുന്നു വർധിച്ചത്. ഉല്‍പാദന ചെലവ് ഗണ്യമായി വർധിച്ചതോടെയാണ് പാല്‍ വില വർധിപ്പിക്കണമെന്ന ക്ഷീര കർഷകരുടെ ആവശ്യം ശക്തമായത്.

കഴിഞ്ഞ ഡയറരക്ടർ ബോർഡ് യോഗത്തിൽ തല്‍ക്കാലം വർധനവ് വേണ്ടെന്നായിരുന്നു തീരുമാനം. ഉടൻ തന്നെ ഇക്കാര്യത്തില്‍ തുടർ നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചിരുന്നു. തുടർന്നാണ് അടുത്ത ഡയറരക്ടർ ബോർഡ് യോഗം ചേരാനും വില കൂട്ടുന്നതില്‍ തീരുമാനമെടുക്കാനുമുള്ള നീക്കം.

നിലവില്‍, 28 രൂപയാണ് അരലിറ്റർ പാക്കറ്റ് പാലിന്റെ വില. മില്‍മ ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളും ഇതേ വിലക്കാണ് വില്‍ക്കുന്നത്. ഓണത്തിന് ശേഷം എത്രരൂപ വർധിപ്പിക്കുമെന്ന് വ്യക്തമല്ല.

error: Content is protected !!