ജലമാണ് ജീവൻ: ജില്ലാതല ഉദ്ഘാടനം നടത്തി

jal jeevan

തൃശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലമാണ് ജീവൻ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായ അമീബിക് മസ്തിഷ്ക ജ്വരം അടക്കമുള്ള ജലജന്യ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ വട്ടാണത്രയിൽ പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ചന്ദ്രൻ്റെ വീട്ടിലെ കിണറ്റിൽ ക്ലോറിനേഷൻ നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് നിർവഹിച്ചു.

നമ്മുടെ ജലസ്രോതസ്സുകൾ ശുദ്ധമാക്കുകയും മലിനജലം ഉപയോഗിക്കാതെ ഇരിക്കുകയുമാണ് അമീബിക്ക് മസ്തിഷ്ക ജ്വരം പോലെയുള്ള ജലജന്യരോഗങ്ങൾ പ്രതിരോധിക്കാൻ ചെയ്യേണ്ടതെന്നും വരുന്ന ആഗസ്റ്റ് 30,31 തിയ്യതികളിൽ സംസ്ഥാനത്തെ വീടുകളിലെ കിണറുകളും വാട്ടർ ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യുകയും ,നവംബറോടെ എല്ലാ ജലാശയങ്ങളും പൂർണ്ണമായും ശുദ്ധീകരിക്കുകയും ചെയ്യുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് പറഞ്ഞു.

ഹരിത കേരളം മിഷനും, വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി പ്രവർത്തിച്ചു കൊണ്ടാണ് ജലമാണ് ജീവൻ പദ്ധതി നടപ്പിലാക്കുന്നത്. നാല് ഘട്ടമായി നടക്കുന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ കിണറുകളും വാട്ടർ ടാങ്കുകളും പൊതു ടാങ്കുകളും ക്ലോറിനെറ്റ് ചെയ്യുകയും സെപ്റ്റംബർ നവംബർ മാസത്തോടെ എല്ലാ ജലാശയങ്ങളും ശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഭാഗ്യവതി ചന്ദ്രൻ, പഞ്ചായത്ത് അംഗം കെ എ ഷൈലജ, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ സി ദിദിക, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ പി സെറിൻ, ആശവർക്കർമാർ
എന്നിവർ പങ്കെടുത്തു.

error: Content is protected !!