തൃശൂരിന്റെ സാംസ്കാരിക തനിമ ഉയർത്തി ഓണം വിപണന മേള

തൃശൂർ: സംസ്ഥാന തല ഓണം വിപണന മേളയോടനുബന്ധിച്ച് ടൗൺ ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള 50 ൽ പരം സ്റ്റാളുകളിൽ നാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കര കൗശല വസ്തുക്കൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ക്ലീനിങ് പ്രോഡക്ടസ്, ആയുർവേദ ഉത്പന്നങ്ങൾ എന്നിങ്ങനെയുള്ള വൈവിധ്യം നിറഞ്ഞ ശേഖരമാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ സംരഭകരുടെ ഉത്പന്നങ്ങൾ ആണ് ഓണം ഫെസ്റ്റിനെ ആകർഷകമാക്കുന്നത്
തൃശൂരിന്റെ സാംസ്കാരിക തനിമ ഉയർത്തി പിടിക്കുന്ന, കുത്താമ്പുള്ളി നെയ്ത്തു ഗ്രാമത്തിൽ നിന്നുള്ള സംരഭകരുടെ തുണിത്തരങ്ങൾ, പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് തയ്യാറാക്കിയ ഫേസ്പാക്കുകൾ, ഹെയർ ഓയിലുകൾ, ലിപ് ബാമുകൾ, വിവിധയിനം സോപ്പുകൾ, മറ്റു സൗന്ദര്യ വർദ്ധക വസ്തുക്കൾ, മുള കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലമാണ് മേളയിലെ പ്രധാനികൾ.
കുടുംബശ്രീയുടെ കൈപ്പുണ്യം വിളിച്ചോതുന്ന, സംസ്ഥാനതലത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ട ചിപ്സ്, ശർക്കരവരട്ടി, ബ്രാന്റഡ് കറി പൗഡറുകൾ എന്നിവ ഉൾപ്പടെ നിരവധി ഉത്പന്നങ്ങൾ സ്റ്റാളിൽ ലഭ്യമാണ്.