ആഗ്രഹം സഫലമായി; നടത്തറ ഗ്രാമപഞ്ചായത്തിന് സിന്തറ്റിക് കബഡി മാറ്റ്

kabady mat

സ്വന്തമായൊരു സിന്തറ്റിക് കബഡി മാറ്റ് എന്ന നടത്തറ ഗ്രാമപഞ്ചായത്തിലെ കബഡി താരങ്ങളുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലമായി. ജില്ലാ പഞ്ചായത്തിന്റെ 2024- 25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിരവധി ദേശീയ, അന്തർദേശീയ കബഡി താരങ്ങളെ നാടിന് സമ്മാനിച്ച നടത്തറ ഗ്രാമപഞ്ചായത്തിന് സിന്തറ്റിക് കബഡി മാറ്റ് നൽകിയത്. ആദ്യമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഗ്രാമപഞ്ചായത്തിന് സിന്തറ്റിക് കബഡി മാറ്റ് കൈമാറുന്നത്.

സിന്തറ്റിക് കബഡി മാറ്റ് കൈമാറൽ ചടങ്ങ് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ കേവലം കെട്ടിടം, പാലം തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും പൊതുസമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റത്തിന് വഴിതുറക്കുന്നതാകണമെന്നും മന്ത്രി പറഞ്ഞു. പീച്ചി ഡാമിൽ ഈയടുത്ത് ഉണ്ടായ മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നീന്തൽ പരിശീലനം ആരംഭിക്കുന്നതിനായുള്ള പദ്ധതി ജില്ലാ പഞ്ചായത്തംഗം ജില്ലാ പഞ്ചായത്തിൽ സമർപ്പിച്ചതിനെ കുറിച്ചും മന്ത്രി സംസാരിച്ചു. നടത്തറ ഗ്രാമപഞ്ചായത്തിലെ നിരവധി കബഡി താരങ്ങളെ കുറിച്ചും അവരുടെ വളർച്ചക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മന്ത്രി സംസാരിച്ചു.

മൂർക്കനിക്കര ഗവ. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് സ്വാഗതവും പഞ്ചായത്ത് കബഡി കൂട്ടായ്മയെ പ്രതിനിധീകരിച്ച് പി. എസ് അമൽ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ രവി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം കെ. വി സജു സിന്തറ്റിക് മാറ്റ് കൈമാറി.

ബ്ലോക്ക് പഞ്ചായത്തംഗം ടി. കെ അമൽറാം, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. കെ അഭിലാഷ്, ഇ . എൻ സീതാലക്ഷ്മി, ഗ്രാമപഞ്ചാത്തംഗങ്ങളായ എം. എസ് അശോക് കുമാർ, ഇ. ആർ പ്രദീപ്, മിനി വിനോദ്, ജിനിത സുഭാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധി ദിലീപ് തുടങ്ങിയവർ സംസാരിച്ചു. മുൻ കബഡി താരങ്ങളായ സന്തോഷ്, അജീഷ്, ഡോ. സുധീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ ടീമുകൾ പങ്കെടുക്കുന്ന കബഡി ടൂർണമെന്റും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

error: Content is protected !!