പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി

പൂമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച കോൺഫറൻസ് ഹാൾ, കുട്ടികളുടെ പാർക്ക്, വാട്ടർ എ.ടി.എം, യൂട്ടിലിറ്റി സെന്റർ, വനിത ഫിറ്റ്നസ് സെന്റർ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷും പാർക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും നിർവഹിച്ചു. വാട്ടർ എ.ടി.എം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപും യൂട്ടിലിറ്റി സെന്റർ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിലും ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് ഫിറ്റ്നസ് സെന്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
സേഫ് കേരള വാട്സ്ആപ്പ് ഗ്രൂപ്പ് പൂമംഗലം ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികൾക്കായി നൽകിയ ഡയപ്പർ കളക്ടർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. സ്റ്റാർ സിംഗർ റണ്ണറപ്പായ സെബാ മൂണിനു പ്രത്യേക പുരസ്കാരവും കളക്ടർ സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജയ, പൂമംഗലം മെഡിക്കൽ ഓഫീസർ ഡോ. കെ എസ് സന്തോഷ് കുമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.