സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ അഭിമാന നേട്ടങ്ങളാണ് ഈ പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള 379 പൂർവ്വവിദ്യാർത്ഥികളാണ് നിലവിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുകയോ പരീക്ഷയിൽ പരാജയപ്പെടുകയോ ചെയ്ത 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഔപചാരിക വിദ്യാഭ്യാസം പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് 2017-ൽ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ഹോപ്പ്. പരീക്ഷാ പരാജയം വിദ്യാഭ്യാസ പ്രക്രിയയുടെ അവസാനമല്ലെന്ന് കുട്ടികളെ ബോധവത്കരിക്കാനും, പഠനത്തിൽ പിന്നോട്ട് പോകുന്നതിലൂടെ നഷ്ടപ്പെടുന്ന ആത്മാഭിമാനം വീണ്ടെടുക്കാനും ഈ പദ്ധതി സഹായിച്ചു.
പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ അവസാനമല്ല. മറിച്ച് കൂടുതൽ കരുത്തോടെ ജീവിത വിജയം നേടാനുള്ള അവസരമാക്കി മാറ്റണം.വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ ചേർത്തു പിടിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇതുവരെ 4364 കുട്ടികൾക്ക് പരീക്ഷാ വിജയം നേടിക്കൊടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.