ചാഴൂരിനെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

തൃശൂർ: അഞ്ചുവർഷക്കാലത്തെ ഭരണ വികസന നേട്ടങ്ങളെ അവതരിപ്പിച്ച് ചാഴൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. സദസ്സിന്റെ ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് നിർവഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് റിസോഴ്സ് പേഴ്സൺ കെ. എം. സരിത ആമുഖപ്രസംഗം നടത്തി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തദ്ദേശ ഗവൺമെന്റാകുന്നതിന്റെ നേർചിത്രമാണ് വികസന സദസ്സിലൂടെ അവതരിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ പറഞ്ഞ എല്ലാ വികസന പദ്ധതികളും നന്നായി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകൾ മുൻ വർഷങ്ങളിൽ പരിചിതമല്ലാത്ത സദസ്സ് ഒരുക്കി വികസനചിത്രം പഞ്ചായത്ത് നിവാസികളുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് സദസ്സിലൂടെ നടത്തുന്നതെന്നും ഇതിലൂടെ ജനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾ നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതും നടപ്പാക്കാനുള്ളതുമായ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ സാധിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനകീയാസൂത്രണം കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ എന്ന വിഷയത്തിൽ കില മുൻ ഫാക്കൽറ്റി ടി. യു. സുരേന്ദ്രൻ സെമിനാർ അവതരണം നടത്തി. സംസ്ഥാനത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന മുന്നേറ്റങ്ങളെ കുറിച്ച് സമഗ്രമായി വിലയിരുത്തി കൂടുതൽ ശ്രദ്ധ വേണ്ടതും തിരുത്തേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ പ്രവർത്തനങ്ങളെകുറിച്ച് ചർച്ച ചെയ്തു. വികസന സദസ്സിനോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഗവ ഹോമിയോപ്പതി ആശുപത്രി, ചാഴൂർ ഗ്രാമപഞ്ചായത്തിന്റെ വികസന നാൾവഴികൾ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവർത്തന പ്രദർശനങ്ങളും സംഘടിപ്പിച്ചു.
ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ രാമചന്ദ്രൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ. എൻ. ജോഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ. ഷണ്മുഖൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത ബെന്നി, ആസൂത്രണ ഉപാദ്ധ്യക്ഷൻ വി. ആർ. ബിജു, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ചാഴൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ചാഴൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോയ്സി വർഗീസ്. പി. എന്നിവർ പങ്കെടുത്തു.