പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് കോടതി

ടോള്‍ പിരിവ് മരവിപ്പിച്ചത് ദേശീയപാതാ അതോറിറ്റിയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍…

paliyekkara

തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് വ്യവസ്ഥകളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും ദേശീയ പാതാ ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. 72 ദിവസങ്ങള്‍ക്കിടെ 10 തവണയാണ് ടോള്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതിയിലും ഹൈക്കോടതിയിലുമായി ദേശീയപാതാ അതോറിറ്റി ഉന്നയിച്ചത്. എന്നാല്‍ എല്ലാ തവണയും ആവശ്യം നിരസിക്കുകയായിരുന്നു.

ടോള്‍ പിരിവ് മരവിപ്പിച്ചത് ദേശീയപാതാ അതോറിറ്റിയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഗതാഗത കുരുക്കുണ്ടെങ്കിലും ടോള്‍ നിരക്ക് കുറയ്ക്കാനാവില്ലെന്ന് ദേശീയപാതാ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്‌നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

error: Content is protected !!