കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ വാച്ചർക്ക് പരിക്ക്

തൊടുപുഴ: മുള്ളരിങ്ങാട് പ്രദേശത്ത് ഭീതി വിതച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താൽക്കാലിക വാച്ചർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെയാണ് ജനവാസ മേഖലയായ മുള്ളരിങ്ങാട് അമയൽതൊട്ടി മുസ്ലിം പള്ളി ഭാഗത്ത് ഒറ്റയാൻ എത്തിയത്. പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാന വലിയ നാശ നഷ്ടമുണ്ടാക്കി. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിങ് കാട്ടാന തകർത്തു. വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ജനങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പ്രാണ രക്ഷാർത്ഥം ഓടിയപ്പോഴാണ് താൽക്കാലിക വാച്ചർ സാജുവിന് വീണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാരുടെയും താൽക്കാലിക വാച്ചർമാരുടെയും ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനയെ സമീപത്തെ വനത്തിലേക്ക് തുരത്തിയത്. ഉൾക്കാട്ടിലേക്ക് പോകാതെ കാട്ടാന ജനവാസ മേഖലക്ക് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.