വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി; പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യ സംസ്കരണ രംഗത്തെ വീഴ്ചകൾ പരിശോധിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തൃശൂർ കോർപ്പറേഷനിലെ പടിഞ്ഞാറെകോട്ട പ്രദേശത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെട്ട ഷോപ്പിംഗ് കോംപ്ലക്സുകളിൽ പരിശോധന നടത്തി. ഷോപ്പിംഗ് കോംപ്ലക്സുകളിൽ പലസ്ഥലങ്ങളിലായി മാലിന്യം അശാസ്ത്രീയമായ സംസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ജൈവജൈവ മാലിന്യങ്ങൾ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുന്ന സംവിധാനങ്ങൾ ഇല്ല. ഉപയോഗിച്ച വെള്ളം തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതും ശ്രദ്ധയിൽപ്പെട്ടു. ബിൽഡിങ്ങുകളുടെ പിറകെ വശത്ത് മാലിന്യം കൂട്ടിയിട്ടതായും കണ്ടെത്തി.പരിശോധന നടത്തിയത്തിൽ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് കേരള മുനിസിപ്പൽ ആക്ടിലെ വിവിധ ചട്ടങ്ങൾ അനുസരിച്ചു ആകെ 50000രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. ജില്ലാ സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് പി എ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അമിത കെ കെ, ബ്ലസി ചാർളി എന്നിവർ പരിശോധനയിൽ പങ്കെടുത്തു