പുലി ആക്രമണത്തിന് ഇരയായ കുട്ടിയെ ജില്ലാ കളക്ടർ സന്ദർശിച്ചു, ചികിത്സ ഉറപ്പാക്കി

WhatsApp Image 2025-08-01 at 9.39.24 PM

മലക്കപ്പാറയിൽ പുലി ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരൻ രാഹുലിനെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കിയതായി കളക്ടർ കുടുംബത്തെ അറിയിച്ചു. രാഹുൽ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചാലക്കുടി താലൂക്കിലെ മലക്കപ്പാറയിലുള്ള വീരൻകുടിയിലെ (അരേകാപ്പ്) ബേബി-രാധിക ദമ്പതികളുടെ മകനാണ് രാഹുൽ. ഇന്നലെ പുലർച്ചേ മൂന്നു മണിയോടെ ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
2018-ലെ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട് പ്ലാസ്റ്റിക് ഷെഡുകളിൽ ദുരിത ജീവിതം നയിക്കുന്നവരാണ് വീരാങ്കുടിയിലുള്ളവർ.
ഈ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് കളക്ടർ അറിയിച്ചു. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഭീഷണി നേരിടുന്ന അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ള 47 കുടുംബങ്ങളെ കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കണ്ടെത്തിയ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ വനം വകുപ്പിന് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അറിയിച്ചതിനാൽ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.
ഈ പുനരധിവാസ നടപടികൾ പൂർത്തിയായാൽ ജില്ലയിലെ ആദിവാസി മേഖലയിലുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും കളക്ടർ വ്യക്തമാക്കി.

error: Content is protected !!