കൊള്ളക്ക് പൂട്ട് വീഴുന്നു. കൂടിയ പാർക്കിംഗ് നിരക്ക് ചർച്ചയിലൂടെ പരിഹരിക്കും

പ്രീമിയം പാർക്കിംഗ് എന്ന പേരില്‍ തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തുന്ന വൻ കൊള്ള അവസാനിക്കുന്നു. രണ്ട് ദിവസം ബൈക്ക് നിറുത്തിയിട്ടതിന് റിട്ട.എസ്.ഐയുടെ കൈയില്‍ നിന്ന് 845 രൂപ ഫീസ് വാങ്ങിയത് വാർത്തയായിരുന്നു. ഇതെ തുടർന്നാണ് നടപടി.
പ്രീമിയം എന്ന പേരില്‍ വൻ ഫീസാണ് വാങ്ങുന്നതെന്ന വിവരം പുറത്തു വന്നതോടെ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. തൊട്ടടുത്ത സ്ഥലത്ത് പാർക്കിംഗ് ഫീസായി 30 രൂപ വാങ്ങുമ്പോഴും പ്രീമിയം എന്ന പേരില്‍ 345 രൂപ വാങ്ങുന്നത്.
മധുര സ്വദേശിയാണ് കരാർ എടുത്തിരിക്കുന്നത്. കേരളത്തിലെ നടത്തിപ്പിനായി മാനേജരെ നിയമിച്ചിട്ടുണ്ട്. പാർക്കിംഗ് തുക കൂടുതലാണെന്ന് പറഞ്ഞാല്‍ ഗുണ്ടകള്‍ രംഗത്തിറങ്ങുമെന്നും പറയുന്നു. റെയില്‍വേ സ്റ്റേഷൻ പരിസരത്തെ ഈ കൊള്ളക്കെതിരെ റെയില്‍വേ അധികാരികളും രംഗത്തെത്തിയിട്ടില്ല. സംഭവം പുറത്തു വന്നതോടെയാണ് കരാറുകാരൻ ഇടപെട്ട് നിരക്ക് കുറയ്ക്കുന്നത്.
കഴിഞ്ഞ മേയ് മുതലാണ് റെയില്‍വേ സ്റ്റേഷനിലെ പാർക്കിംഗ് നിരക്ക് രണ്ട് തരത്തിലാക്കി പരിഷ്‌കരിച്ചത്. ജി.എസ്.ടി അടക്കമാണ് നിരക്ക് വാങ്ങിക്കുന്നതത്രേ. നിരക്ക് കൂട്ടിയതിനെതിരെ അന്ന് നിരവധി പ്രതിഷേധം ഉയർന്നെങ്കിലും കരാറുകാരൻ പുതിയ നിരക്ക് മാറ്റിയില്ല. റെയില്‍വേയും പിന്തുണ നല്‍കിയതോടെ വൻ കൊള്ള തുടരുകയായിരുന്നു. നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യും.