ഓണം: ന്യായവിലയ്ക്ക് എല്ലാ കാര്‍ഡുകാര്‍ക്കും അരിയും വെളിച്ചെണ്ണയും

ration-shops

ഓണത്തോടനുബന്ധിച്ച്‌ എല്ലാ കാര്‍ഡുകാര്‍ക്കും അരിയും വെളിച്ചെണ്ണയും ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് എട്ട് കിലോഗ്രാം അരി 29 രൂപയ്ക്ക് സബ്‌സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡ് ഒന്നിന് രണ്ട് കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ള കാര്‍ഡുകാര്‍ക്ക് റേഷന്‍കടകള്‍ വഴി ആകെ 15 കിലോ സ്‌പെഷ്യല്‍ അരി ലഭിക്കും. 10 കിലോ ചമ്പാവോ, അഞ്ച് കിലോ പുഴുക്കലരിയോ വാങ്ങാം. ഏത് വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. പിങ്ക് കാര്‍ഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിനു പുറമെ അഞ്ച് കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും.

നീല കാര്‍ഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും.
ചുവപ്പ് കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന അഞ്ച് കിലോ അരിക്കു പുറമെ അഞ്ച് കിലോ കൂടി ലഭിക്കും.

മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരുകിലോ പഞ്ചസാരയും എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതവും ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എഎഐ കാര്‍ഡുകള്‍ക്ക് രണ്ട് ലിറ്റര്‍ മണ്ണെണ്ണയും മറ്റ് വിഭാഗം കാര്‍ഡുകാര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേര്‍ത്ത് ഈ മാസം ലഭിക്കും.

ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്:

എഐവൈ കാര്‍ഡുകാരായ ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഓണസമ്മാനമായി സൗജന്യ ഓണക്കിറ്റ് നല്‍കും.
ഈ മാസം 18 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയാണ് കിറ്റ് വിതരണം ചെയ്യുക. എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റാണ് നല്‍കുക.

കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിനാവശ്യമായ വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മിതമായ വിലയ്ക്ക് വെളിച്ചെണ്ണ:

വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തില്‍, സാധാരണക്കാര്‍ക്ക് മിതമായ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സപ്ലൈകോ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഓണത്തിന് ശബരി ബ്രാന്‍ഡില്‍ സബ്‌സിഡിയായും നോണ്‍ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും.

സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റര്‍ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും ലഭ്യമാക്കും. ഇതുകൂടാതെ മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. സണ്‍ഫ്‌ളവര്‍ ഓയില്‍, പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.

error: Content is protected !!