സ്‌പീക്കറിലും മൈക്രോഫോണിലും അപ്‌ഗ്രേഡ്; എക്കോ ഷോ 5 സ്‌മാര്‍ട്ട് ഡിസ്‌പ്ലെ ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ECHO

ആമസോണ്‍ ഇന്ത്യയില്‍ മൂന്നാം തലമുറ എക്കോ ഷോ 5 ജെന്‍ 3 സ്‌മാര്‍ട്ട്‌ ഡിസ്‌പ്ലെ (Echo Show 5 Gen 3) അവതരിപ്പിച്ചു. ഉപകരണത്തിന് മുന്‍ഗാമിയേക്കാള്‍ വലിപ്പം കുറവാണെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ശബ്‌ദ സംവിധാനവും മൈക്രോഫോണും ഇതില്‍ ആമസോണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10,999 രൂപയിലാണ് മൂന്നാം തലമുറ എക്കോ ഷോ 5 സ്‌മാര്‍ട്ട്‌ ഡിസ്‌പ്ലെയുടെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. വില്‍പനയുടെ ആരംഭത്തിലെ ഓഫര്‍ സഹിതമാണ് ഈ വില. ആമസോണ്‍ ലിസ്റ്റ് ചെയ്‌തത് പ്രകാരം, സ്‌പീക്കര്‍ ഉള്‍പ്പെടുന്ന ഈ സ്‌മാര്‍ട്ട് ഡിസ്‌പ്ലെയുടെ യഥാര്‍ഥ വില 11,999 രൂപയാണ്.

*എക്കോ ഷോ 5 സവിശേഷതകള്‍

ഡിസൈനില്‍ രണ്ടാം തലമുറ സ്‌മാര്‍ട്ട് ഡിസ്‌പ്ലെയുടെ സമാനതകള്‍ മൂന്നാം തലമുറ ഉപകരണത്തിനുമുണ്ട്. 5.5 ഡിസ്‌പ്ലെയാണ് മൂന്നാം തലമുറ എക്കോ ഷോ 5ന് ആമസോണ്‍ നല്‍കിയിരിക്കുന്നത്. ഡിസ്‌പ്ലെയ്‌ക്ക് കൂടുതല്‍ മെച്ചപ്പെട്ട റൗണ്ടഡ് എഡ്‌ജുകള്‍ നല്‍കിയിരിക്കുന്നതും ശ്രദ്ധേയം. ടച്ച് സ്ക്രീന്‍ മോഡിലുള്ളതാണ് ഡിസ്‌പ്ലെ. ഏറ്റവും പുതിയതും വേഗമേറിയതുമായ എസ്സെഡ്2 ന്യൂറല്‍ എഡ്‌ജ് പ്രൊസസറിലാണ് രൂപകല്‍പന. മുന്‍ മോഡലിനേക്കാള്‍ മെച്ചപ്പെട്ട മൈക്രോഫോണ്‍ ഈ ഡിവൈസിന് നല്‍കിയിട്ടുണ്ട് എന്നാണ് അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്. സ്‌പീക്കറിലും ആമസോണ്‍ അപ്‌ഗ്രേഡ് കൊണ്ടുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രൈവസി ഷട്ടര്‍ സഹിതമുള്ള ബിള്‍ട്ട്-ഇന്‍ ക്യാമറ ഉള്ളതിനാല്‍ ഇത് ഉപയോഗിച്ച് വീഡിയോ കോള്‍ സാധ്യമാകും. അലക്‌സ വഴി സംഗീതം പ്ലേ ചെയ്യുന്നതിനും സ്‌മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നതിനും അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനാകും.

ചാര്‍ക്കോള്‍, ക്ലൗഡ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് എക്കോ ഷോ 5 ജെന്‍ 3 ഇന്ത്യയില്‍ ലഭ്യമാവുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളായ Amazon.in, Flipkart എന്നിവയും റിലയന്‍സ് ജിയോയുടെയും ക്രോമയുടെയും തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ഉപകരണം വാങ്ങിക്കാം. അതേസമയം വലിയ എക്കോ ഷോ 8ന് 13,999 രൂപയും ഫ്ലാഗ്‌ഷിപ്പ് എക്കോ ഷോ 10ന് 24,999 രൂപയുമാണ് നിലവില്‍ ഇന്ത്യയിലെ വില.

error: Content is protected !!