വരുന്നു വിവോ വി60; ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6500 എംഎഎച്ച് ബാറ്ററി തുടങ്ങി തകര്‍പ്പന്‍ ഫീച്ചറുകൾ

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ അവരുടെ വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലാവും വിവോ വി60 5ജി മൊബൈല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ. വിവോ എസ്30യുടെ അതേ ഡിസൈനാണ് ഒറ്റ നോട്ടത്തില്‍ വി60-നില്‍ കാണുന്നത്.
*വിവോ വി60: ട്രിപ്പിള്‍ റിയര്‍ ക്യാമറ
ഈ വര്‍ഷം ആദ്യം വിവോ വി50 സീരീസ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെ വിവോ വി60 സീരീസും രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി കമ്പനി പ്രത്യേക വെബ്‌പേജ് ആരംഭിച്ചു. ഇതില്‍ വിവോ വി60 5ജിയുടെ സ്ലീക്ക് സ്ലിം ഡിസൈന്‍, കളര്‍ വേരിയന്‍റുകള്‍, ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ വ്യക്തം. വി60-യില്‍ ZEISS ക്യാമറ ക‌്യാപ്‌സൂളിനൊപ്പം രണ്ട് റിയര്‍ സെന്‍സറുകള്‍ ഉള്‍പ്പെടുന്നതായാണ് ടീസറില്‍ ദൃശ്യമാകുന്നത്. പില്‍ ഷേപ്പിലായിരിക്കും ഈ ക്യാമറ മൊഡ്യൂള്‍. ഇവ കൂടാതെ മൂന്നാമതൊരു ക്യാമറ കൂടി പിന്‍ഭാഗത്ത് കാണാം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേക ZEISS പോട്രൈറ്റ് ക്യാമറ മോഡുണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.