പാറ്റപുറത്ത് കുഞ്ഞന്‍ എഐ നിരീക്ഷണത്തിനായി ഒരു ജര്‍മന്‍ മോഡല്‍

Insect Robot

കാസ്സെൽ: നിരീക്ഷണങ്ങള്‍ക്കായി ജീവനുള്ള പാറ്റകളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ജര്‍മന്‍ ടെക് സ്റ്റാര്‍ട്ടപ്പായ SWARAM Biotactics. ജര്‍മനിയിലെ കാസ്സെലിലുള്ള ഈ കമ്പനി പാറ്റകളുടെ മുതുകില്‍ ഘടിപ്പിക്കുന്ന ഭാരം കുറഞ്ഞ എഐ ഉപകരണം വഴിയാണ് വിവിധ നിരീക്ഷണങ്ങള്‍ നടത്താനാവുക എന്ന് തെളിയിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണങ്ങള്‍ക്കും ചാരപ്രവൃത്തിക്കും വരെ ഇത്തരത്തില്‍ ജീവനുള്ള പാറ്റകളെ ഈ ഉപകരണം ഘടിപ്പിച്ച് ഉപയോഗിക്കാനാകും.

മഡഗാസ്‌കര്‍ ഹിസ്സിംഗ് പാറ്റകളുടെ പുറത്താണ് SWARAM Biotactics ഈ അള്‍ട്രാ-ലൈറ്റ്‌വെയിറ്റ് ഉപകരണം ഘടിപ്പിച്ച് പരീക്ഷണം നടത്തുന്നത്. ഈ ഉപകരണം എഐ അധിഷ്‌ഠിതമായുള്ളവയാണ്. ഈ ബാക്‌പാക്കില്‍ തത്സമയ നിരീക്ഷണത്തിനുള്ള ഇത്തിരിക്കുഞ്ഞന്‍ ക്യാമറകളുണ്ടാകും. വാതകങ്ങളും റേഡിയേഷനും ചൂടും തിരിച്ചറിയാനുള്ള സെന്‍സറുകളാണ് മറ്റൊരു ഘടകം. പാറ്റയുടെ ചലനം നിയന്ത്രിക്കാന്‍ പ്രാണിയുടെ നാഡീവ്യവസ്ഥയിലേക്ക് സിഗ്നലുകള്‍ നല്‍കാനുള്ള ന്യൂറല്‍ സ്റ്റിമുലേറ്ററുകളാണ് ഈ ഉപകരണത്തിലെ മറ്റൊരു ഫീച്ചര്‍. ഓപ്പറേറ്റര്‍ക്ക് നിയന്ത്രിക്കാനുള്ള വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പാറ്റകളില്‍ ഘടിപ്പിക്കുന്ന ചെറിയ ഉപകരണത്തില്‍ ഉള്‍പ്പെടുന്നു.

*എന്തുകൊണ്ട് പാറ്റ?

പാറ്റകള്‍ വളരെ ചെറുതും അതിജീവനശേഷിയുള്ളതും ഇടുങ്ങിയതും സങ്കീർണ്ണവുമായ സ്ഥലങ്ങളില്‍ക്കൂടി അനായാസം സഞ്ചരിക്കാൻ കഴിവുള്ളവയുമാണ്. മൂന്ന് ഗ്രാം വരെ ഭാരം വഹിക്കാനുമാകും. യുദ്ധമേഖലകളിലും, ദുരന്തമേഖലകളിലും ബന്ദികളെ മോചിപ്പിക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും എന്ന് പറയുന്നു.

സൈന്യങ്ങളുടെ നിരീക്ഷണത്തിനുള്ള ഉപയോഗത്തിനാണ് ഈ സാങ്കേതികവിദ്യ SWARAM Biotactics പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. തകര്‍ന്നുകിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി പാറ്റകള്‍ക്ക് അതില്‍ അകപ്പെട്ടവരെ കുറിച്ച് വിവരം പുറത്തെത്തിക്കാനാകും.

പ്രതിരോധവിദഗ്‌ധരുടെ പ്രീതി ഇതിനകം ഈ ഉപകരണം പിടിച്ചുപറ്റിക്കഴിഞ്ഞു.

ഉടന്‍ തന്നെ എഐ അടിസ്ഥാനത്തിലുള്ള ഉപകരണം ഘടിപ്പിച്ച പാറ്റകള്‍ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നത് നമുക്ക് കാണാനായേക്കും. റോബോട്ടിക്സ് മേഖലയില്‍ പുതിയൊരു സാധ്യതയുടെ തുടക്കമാണ് ജര്‍മനിയില്‍ നിന്നുള്ള ഈ വാര്‍ത്ത കാണിക്കുന്നത്. അടുത്തിടെ 13 മില്യണ്‍ യൂറോയുടെ സാമ്പത്തിക സഹായം ഗവേഷണത്തിനായി SWARAM Biotactics-ന് ലഭിച്ചിരുന്നു.

error: Content is protected !!