അഖിലേന്ത്യാ കിസാൻസഭ മണ്ഡലം കൺവെൻഷൻ:കർഷകരുടെ ദൈനംദിന വിഷയങ്ങളിൽ ഇടപെടണം: വി.എസ്. സുനിൽകുമാർ

തൃശൂർ: കർഷകരുടെ ദൈനംദിന വിഷയങ്ങളിൽ നിരന്തരമായി ഇടപെട്ട് പ്രവർത്തിക്കുന്ന നിലയിലേക്ക് കിസാൻ സഭയുടെ പ്രവർത്തനം വിപുലപ്പെടുത്തണമെന്ന് മുൻ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിൽ കിസാൻ സഭയുടെ തൃശൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് എന്തു ചെയ്തു എന്നല്ല ഇപ്പോൾ എന്തു ചെയ്തു എന്നാണ് ജനങ്ങൾക്ക് താൽപര്യം എന്നും സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ കർഷകരുടെ ഉന്നമനത്തിനായി കിസാൻ സഭയുടെ മികച്ച പ്രവർത്തനം സംഘടന എന്ന നിലയിൽ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൺവെൻഷനിൽ കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് എ.സി വർഗീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. ബി. സുമേഷ്, കെ.കെ. രാജേന്ദ്രബാബു, ജയമോഹൻ, ലാലി സലിം, ഷാജു കുണ്ടോളി, പി. വി സന്തോഷ് എന്നിവർ സംസാരിച്ചു. കിസാൻസഭ മണ്ഡലം സെക്രട്ടറി അരവിന്ദാക്ഷമേനോൻ സ്വാഗതവും കിസാൻസഭ കൂർക്കഞ്ചേരി മണ്ഡലം വൈസ് പ്രസിഡണ്ട് പി. എച്ച് നസീർ നന്ദിയും പറഞ്ഞു. മെമ്പർഷിപ്പ് വിതരണം ജില്ലാ സെക്രട്ടറി കെ. കെ. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.