വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ 663 പട്ടയങ്ങൾ വിതരണം ചെയ്തു

വടക്കാഞ്ചേരി നിയോജക മണ്ഡലം പട്ടയ മേള റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യനെ മണ്ണിന്റെ അധികാരികളാക്കുന്ന ശ്രമകരമായ പ്രവർത്തനമാണ് നാം ഏറ്റെടുത്ത് യാഥാർത്ഥ്യമാക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം പട്ടയ മിഷന് തുടക്കം കുറിച്ച് പട്ടയ അസംബ്ലികൾ നടത്തി ഭൂരഹിതരെ കണ്ടെത്തി പട്ടയ പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമിയുടെ ഉടമകളാക്കുകയാണ്. വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര വനം വകുപ്പുമായി ചർച്ച ചെയ്ത് അതിവേഗം പട്ടയങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.
വരടിയം ജി യു പി സ്കൂളിൽ നടന്ന പട്ടയ മേളയിൽ എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വാഗതവും തഹസിൽദാർ ടി. ജയശ്രീ നന്ദിയും പറഞ്ഞു. നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയ വിതരണം സാധ്യമാക്കിയ വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ആദരിച്ചു.
പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്നവർക്കായി 298 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും 170 ദേവസ്വം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും, 120 മിച്ചഭൂമി പട്ടയങ്ങളും 43 വനഭൂമി പട്ടയങ്ങളും, 1964 ലെ നിയമ പ്രകാരമുള്ള 28 പുറമ്പോക്ക് പട്ടയങ്ങളും , 1995 ലെ നിയമപ്രകാരം നാല് മുൻസിപ്പൽ പട്ടയങ്ങളും ഉൾപ്പെടെ 663 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.
അവണൂർ അംബേദ്കർ നഗറിലെ 97 കുടുംബങ്ങൾക്കും, ഇത്തപ്പാറ നഗറിലെ 21 കുടുംബങ്ങൾക്കുമായാണ് 120 മിച്ചഭൂമി പട്ടയങ്ങൾ നൽകിയത്. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കുറ്റൂർ, പുഴയ്ക്കൽ, ചിറ്റിലപ്പിള്ളി, ചാലക്കൽ, എടക്കളത്തൂർ എന്നീ വില്ലേജുകളിൽ 20 കുടുംബങ്ങൾ കൈവശം വെച്ച കന്നുകാലി പുറമ്പോക്ക് ഭൂമിക്ക് ഉൾപ്പടെയാണ് 28 പുറമ്പോക്ക് പട്ടയങ്ങൾ നൽകിയത്.
ചടങ്ങിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, വടക്കഞ്ചേരി നഗരസഭ ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, ഡെപ്യൂട്ടി കളക്ടർ (എൽ. ആർ ) എം. സി ജ്യോതി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.