ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം: മന്ത്രി എംബി രാജേഷ്

പാലക്കാട്: സംസ്ഥാനത്ത് ഡയപ്പർ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള മുഴുവൻ
ഖരമാലിന്യങ്ങളും സംസ്കരിക്കാനുള്ള പ്ലാന്റുകൾ അഞ്ചുമാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഷൊർണൂർ നഗരസഭയുടെ മലിന ജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദ്രവമാലിന്യം, കക്കൂസ് മാലിന്യം എന്നിവ സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുകയാണ് സർക്കാരിൻ്റെ അടുത്ത ലക്ഷ്യം. ഇത്തരം പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് ജനങ്ങൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങളുടെ മനോഭാവം ഇനിയും മാറ്റേണ്ടതുണ്ട്.
പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിയമ നടപടി തുടരും. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.