ഓണം ആഘോഷമാക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും

ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിൽ. തൃശ്ശൂർ ജില്ലയിലെ ഗിഫ്റ്റ് കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. സപ്ലൈകോ ഉപഭോക്താവായ അയ്യന്തോൾ സ്വദേശി ടി. വേണുഗോപാലിന് ആദ്യ ഗിഫ്റ്റ് കാർഡ് കളക്ടർ കൈമാറി.
ആദ്യമായാണ് സപ്ലൈകോ ഗിഫ്റ്റ് കാർഡുകൾ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 1000 രൂപ, 500 രൂപ എന്നിങ്ങനെ രണ്ട് തരം ഗിഫ്റ്റ് കാർഡുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 1225 രൂപ വില വരുന്ന ‘സമൃദ്ധി ഓണക്കിറ്റ്’ 1000 രൂപയ്ക്കും 625 രൂപ വില വരുന്ന ‘മിനി സമൃദ്ധി കിറ്റ്’ 500 രൂപയ്ക്കും സപ്ലൈകോകളിൽ നിന്ന് ലഭിക്കും. കൂടാതെ, 305 രൂപ വില വരുന്ന ‘ശബരി സിഗ്നേച്ചർ കിറ്റ്’ 229 രൂപയ്ക്കും ലഭ്യമാണ്.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ. ആശ, സപ്ലൈകോ ഡിപ്പോ മാനേജർ എസ്. ജാഫർ, ഷോപ്പ് മാനേജർമാരായ ശുഭ ബി. നായർ, സി.ആർ. വിജീഷ് തുടങ്ങിയവരും പങ്കെടുത്തു.