സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണം: എ.ഐ.വൈ.എഫ്

കൊച്ചി: നഗരത്തിലെ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റി. ബസ് ഉടമകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
സമീപ ദിവസങ്ങളിൽ കാൽനടയാത്രക്കാരുടെ ജീവൻ എടുത്തും തെരുവിൽ ജീവനക്കാർ തമ്മിൽ തല്ലിയും സമാധാന അന്തരീഷം തകർക്കുകയാണ്. ഈ സംഭവങ്ങളിൽ പ്രതികളായവർ ലഹരി ഉപയോഗിച്ചു എന്ന് തെളിഞ്ഞത് ഈ വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ക്രിമിനൽ കേസിൽ പ്രതിയായവരെയും ലഹരി ഉപയോഗിക്കുന്നവരെയും പൊതുഗതാഗത തൊഴിൽ സംവിധാനത്തിൽ നിന്ന് മാറ്റി നിർത്തണം. ഇതിനായി പൊലീസിൻ്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്തപരിശോധന ശക്തമാക്കണമെന്നും എ.ഐ.വൈ.എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കളമശ്ശേരിയിൽ സ്വിഗ്ഗി ജീവനക്കാരൻ ബസിനടിയിൽ പെട്ട് മരിച്ച സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ട്രാൻസ്‌പോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.