സർക്കാർ സ്കൂളിൽ കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻകുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുഞ്ചാക്കോ ബോബൻ വരുന്നത് കുട്ടികൾക്ക് സന്തോഷമാകും. താനും ചടങ്ങിൽ പങ്കെടുക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു ചടങ്ങിൽ പങ്കെടുക്കവേ, ഇപ്പോൾ ജയിലുകളിലാണ് നല്ല ഭക്ഷണം കിട്ടുന്നതെന്നു തോന്നുന്നതായി കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രി പോസ്റ്റിട്ടത്.
നമുക്കറിയാം, ഇപ്പോൾ ജയിലുകളിലാണ് കുറച്ചുകൂടെ നല്ല ഭക്ഷണം കിട്ടുന്നതെന്നു തോന്നുന്നു. അതിനൊരു മാറ്റം വരണം. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവർക്ക് ഏറ്റവുംനല്ല സാഹചര്യങ്ങൾ ഒരുക്കാനാണ് ഏത് സർക്കാരും ശ്രമിക്കേണ്ടത്. അതിന് ഈ ഭക്ഷ്യപദ്ധതി നല്ല തുടക്കമാകട്ടെ.’’ എന്നാണ് കുഞ്ചാക്കോ ബോബൻ മറ്റൊരു ചടങ്ങിൽ പറഞ്ഞത്.
എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.’’ മന്ത്രി വി.ശിവൻകുട്ടി നവമാധ്യമത്തിൽ കുറിച്ചു.