കോരിച്ചൊരിയുന്ന മഴയിൽ ടാറിങ്ങ് പ്രഹസനം നടത്തി കോർപ്പറേഷൻ

തൃശൂർ∙ തൃശൂരിൽ കനത്ത മഴയ്ക്കിടെ ടാറിങ് പ്രഹസനം നടത്തി തൃശൂർ കോർപ്പറേഷൻ. ടാറിടൽ മാമാങ്കം നാട്ടുകാർ ഇടപെട്ട് നിർത്തിച്ചു. മാരാർ റോഡിൽ കോർപറേഷൻ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാൻ തുടങ്ങിയത്. നാട്ടുകാർ രംഗത്തെത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എം.കെ.വർഗീസ് നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ആരുമെത്തിയിരുന്നില്ല. ഇന്നലെ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകുകയും രാവിലെ മുതൽ കനത്ത മഴ തുടരുകയും ചെയ്യുന്നതിനിടെയാണ് ടാറിടാനെത്തിയത്. ‘ഈ മഴയത്താണോടോ ടാറിങ്, നിർത്തിപ്പോടോ’ എന്ന് നാട്ടുകാർ തൊഴിലാളികളോട് ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ മേയർ ഇടപെട്ട് ടാറിംഗ് നിർത്തിവെക്കുകയായിരുന്നു.