വാണിയംകുളത്ത് ശക്തമായ മലവെള്ളപ്പാച്ചിൽ

പാലക്കാട്: വാണിയംകുളം പനയൂരിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഇളങ്കുളത്ത് ഭയാനകമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ വീടുകളിൽ നിന്നും ആളുകൾ ഇറങ്ങി ഓടി. ഏഴ് വീടുകളാണ് പ്രദേശത്തുള്ളത്. വീടുകളുടെ മുറ്റത്ത് മണ്ണും കല്ലുകളും നിറഞ്ഞിട്ടുണ്ട്. മൂന്ന് വീടുകളുടെ മതിൽ ഇടിഞ്ഞ് താഴ്ന്നു. ഉരുൾ പൊട്ടിയതാണോയെന്നും സംശയമുണ്ട്. പെട്ടെന്നൊരു ശബ്ദമുണ്ടാകുകയും മലവെള്ളപാച്ചിലുണ്ടാകുകയുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളുള്ള സ്ഥലത്തിന്റെ മുകൾ ഭാഗത്ത് എസ്റ്റേറ്റാണ് ഉള്ളത്. എസ്റ്റേറ്റിലെവിടെയെങ്കിലും ഉരുൾ പൊട്ടിയതാണെയെന്നാണ് സംശയം ഉയരുന്നത്. റവന്യു അധികൃതരെ വിവരം അറിയിച്ചു. അധികൃതർ എത്തി പരിശോധന നടത്തി. പ്രദേശവാസികൾ ആശങ്കയിലാണ്.