സഹകരണ സംഘങ്ങളില്‍ രജിസ്ട്രാറോ ജോ. രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച്

സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ രജിസ്ട്രാറോ ജോയിന്റ് രജിസ്ട്രാറോ സംഘത്തില്‍ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച്. കീഴ് ഉദ്യോഗസ്ഥന്റെ പരിശോധനാ റിപ്പോര്‍ട്ടും ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷം ആ സ്ഥാപനത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണന്ന് ബോധ്യപ്പെട്ടാല്‍ വിശദ അന്വേഷണത്തിന് ഉത്തരവിടാമെന്ന് ഫുള്‍ ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ രാജാവിജയരാഘവന്‍, സി ജയചന്ദ്രന്‍, സി പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന ഫുള്‍ബഞ്ചിന്റെതാണ് വിധി.
രജിസ്ട്രാറോ ജോയിന്റ് രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമേ സഹകരണ നിയമത്തിലെ 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവിടാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍, നേരിട്ടുള്ള പ്രാഥമിക പരിശോധന ഇല്ലാതെ തന്നെ വിശദമായ പരിശോധനക്ക് ഉത്തരവിടാന്‍ അധികാരമുണ്ടെന്ന് മറ്റൊരു ബഞ്ചും വിധിച്ചു. രണ്ട് ഡിവിഷന്‍ ബഞ്ചുകള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് നിയമപ്രശ്‌നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റീസ് കേസ് മൂന്നംഗ ഫുള്‍ബഞ്ചിന് അയക്കുകയായിരുന്നു.